ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകും”; ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകും”; ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊല്ലം: നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. ഗൗതം കൃഷ്ണയുടെ അമ്മയുടെ വേദന പങ്കുവെച്ച്, മകനെ കണ്ടെത്തുന്നതുവരെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഉ ​ഗോപി ഉറപ്പ് നൽകി.

“എന്റെ മകനെ കണ്ടെത്താൻ സാർ എന്നെ സ്വന്തം പെങ്ങളായി കരുതി ഒപ്പമുണ്ടാകണം” എന്ന അമ്മയുടെ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനായാണ് ആ അമ്മയ്ക്ക് നൽകിയ വാക്കെന്നും, ഗൗതം കൃഷ്ണയെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ തിരമാലകളിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞാണ് ദാരുണമായ അപകടമുണ്ടായത്. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ല. അപകടം നടന്നത് മുതൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തി വരികയാണെന്നും തിരച്ചിൽ ഒരു കാരണവശാലും മന്ദഗതിയിലാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കടലിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട കപ്പൽ വീണ്ടും അടിയന്തര തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഇന്ധനവും മറ്റ് സജ്ജീകരണങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കാൻ ഇന്ത്യൻ ഓയിലും എടിഎഫും സഹകരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കുന്നതിനായി അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും അടിയന്തരമായി സജ്ജമാക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ വള്ളിക്കാവ് അമൃതപുരിയിലെ എഞ്ചിനിയറിങ്ങ് കോളജ് ​ഗ്രൗണ്ടിലൊരുക്കിയ ​ഹെലിപ്പാടിൽ കോസ്റ്റ് ​ഗാർഡിന്റെ ​ഗെലികോപ്റ്ററുകൾ ലാൻഡിങ്ങ് നടത്തും.

“ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും നമ്മുടെ കൂട്ടായ പ്രാർത്ഥനയും ഒന്നുചേരുമ്പോൾ ആ കുട്ടി തിരികെ വരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഞാൻ ഒപ്പമുണ്ടാകും. പ്രതീക്ഷ കൈവിടില്ല… നമ്മൾ പോരാടുമെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.