കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വൻ പ്രതിസന്ധി. കൊച്ചിയിൽ നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ കടുത്ത ആഭ്യന്തര തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി കൂട്ടത്തോടെ രാജി വെച്ചു. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും താൻ രാജിവെച്ച് പുറത്തുപോവുകയാണെന്ന് ശ്വേത മേനോൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങളെ തുടർന്ന് മുൻ ഭരണസമിതി ഒഴിഞ്ഞ ശേഷം, 2025 ഓഗസ്റ്റിലാണ് ശ്വേത മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായി ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾ നേതൃത്വം നൽകുന്ന കമ്മിറ്റി അധികാരമേറ്റത്. എന്നാൽ ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ആഭ്യന്തര പടലപ്പിണക്കങ്ങളെ തുടർന്ന് ഈ സമിതിയും തകരുകയായിരുന്നു.
അവിശ്വാസ പ്രമേയവും കണക്കുകളെച്ചൊല്ലിയുള്ള തർക്കവും
ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അംഗങ്ങൾ ഔദ്യോഗികമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് പെട്ടെന്നുള്ള കൂട്ടരാജിയിലേക്ക് നയിച്ചത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലും വരവ്-ചെലവ് കണക്കുകളിലും വലിയ അപാകതകളുണ്ടെന്ന് മുതിർന്ന അംഗങ്ങളായ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർ ചൂണ്ടിക്കാണിച്ചു. ഈ കണക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇവർ നിലപാടെടുത്തു.
കണക്കുകൾ പഠിച്ച് വ്യക്തത വരുത്താൻ ശ്വേത മേനോൻ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും യോഗം അത് അനുവദിച്ചില്ല. ഇതോടെയാണ് കമ്മിറ്റി കൂട്ടത്തോടെ രാജിവെക്കാൻ തീരുമാനിച്ചത്. മുൻ കമ്മിറ്റിയുടെ കാലത്തെ സാമ്പത്തിക ഇടപാടുകളിൽ വലിയ അപാകതകൾ ഉണ്ടായിരുന്നുവെന്നും, സംഘടനയിൽ പാവയായി തുടരാൻ തനിക്ക് താല്പര്യമില്ലെന്നും ശ്വേത മേനോൻ പിന്നീട് പ്രതികരിച്ചു. ചില കുറ്റാരോപിതരായ വ്യക്തികളുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു.
വികാരാധീനനായി മോഹൻലാൽ
സംഘടനയിലെ ഒരു ജീവനക്കാരി നൽകിയ പീഡന പരാതിയെത്തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ച ട്രഷറർ ഉണ്ണി ശിവപാൽ യോഗത്തിനെത്തുകയോ കണക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തില്ല. ട്രഷറർ ഒളിവിലാണെന്നും അതുകൊണ്ടാണ് ഒരു പ്രത്യേക കാലയളവിലെ കണക്കുകൾ കൃത്യമായി ഹാജരാക്കാൻ കഴിയാതിരുന്നതെന്നും ശ്വേത മേനോൻ വെളിപ്പെടുത്തി.
തർക്കങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ യോഗം ഉദ്ഘാടനം ചെയ്ത മുൻ പ്രസിഡന്റ് മോഹൻലാൽ അതീവ വികാരാധീനനായി സംസാരിച്ചു. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും അത് സംഘടനയുടെ തകർച്ചയ്ക്ക് കാരണമാകരുതെന്നും 32 വർഷത്തെ പാരമ്പര്യമുള്ള ഈ കൂട്ടായ്മയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രമുഖ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, ടോവിനോ തോമസ് തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ഭരണം നിയന്ത്രിക്കാൻ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി
ഭരണസമിതി ഒഴിഞ്ഞ സാഹചര്യത്തിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജനറൽ ബോഡി ഒരു ഒമ്പതംഗ താല്ക്കാലിക അഡ്ഹോക്കമ്മിറ്റിയെ ചുമതലപ്പെടുത്തി. നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടിയാണ് ഈ കമ്മിറ്റിയുടെ കൺവീനർ.
നടൻ ജഗദീഷാണ് താല്ക്കാലിക സമിതിയുടെ പ്രഖ്യാപനം നടത്തിയത്. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, സുരാജ് വെഞ്ഞാറമൂട് ,ഷാജോൺ, ദേവിചന്ദന എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
അൻസിബ ഹസൻ, ടിനി ടോം, ലക്ഷ്മിപ്രിയ തുടങ്ങിയവർ തമ്മിലുണ്ടായ ആഭ്യന്തര തർക്കങ്ങളും കടുത്ത അച്ചടക്ക നടപടി നോട്ടീസുകളും സംഘടനയെ നേരത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. പുതിയ താല്ക്കാലിക സമിതിയുടെ നേതൃത്വത്തിൽ അടുത്ത ആറുമാസത്തിനുള്ളിൽ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.