18 വരെ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ഇന്നു മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ മാസം 18 വരെ മഴ തുടരുമെന്നാണ് പ്രവചനം.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചേക്കും. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത
വടക്കുകിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന തുലാവർഷം ആരംഭിക്കുന്നതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം പിൻവാങ്ങുന്ന ഘട്ടവുമെത്തും. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്നതാണ് തുലാവർഷക്കാലം. ഈ കാലയളവിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത.
കേരളത്തിന്റെ രണ്ടാം മഴക്കാലമായ തുലാവർഷത്തിൽ തെക്കൻ ജില്ലകളിലാകും പൊതുവെ കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് പോകുന്തോറും മഴയുടെ അളവും ശക്തിയും കുറയുന്ന പ്രവണതയാണുള്ളത്. മഴയ്ക്കിടയിലെ ഇടവേളകളിൽ വെയിലും ചൂടും അനുഭവപ്പെടാം. സാധാരണയായി ഒക്ടോബറിലാണ് തുലാവർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഡിസംബറോടെ മഴയുടെ ശക്തി കുറഞ്ഞ് തണുപ്പുകാലത്തിന് തുടക്കമാകും.
എന്താണ് തുലാവർഷം?
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന് പിന്നാലെ കേരളത്തിൽ ലഭിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ മഴയെയാണ് തുലാവർഷം എന്നു വിളിക്കുന്നത്. സാധാരണയായി ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന തുലാമഴ ഡിസംബർ വരെ തുടരും.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് തുലാവർഷത്തിന്റെ പ്രധാന സവിശേഷത. ഉച്ചയ്ക്കുശേഷം മഴ ശക്തമാകുന്നതും ഈ കാലയളവിൽ പതിവാണ്. പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തുനിന്നും ബംഗാൾ ഉൾക്കടൽ മേഖലയിലെ കാലാവസ്ഥാ സംവിധാനങ്ങളുമായി ബന്ധപ്പെട്ടും എത്തുന്ന ഈർപ്പമുള്ള കാറ്റും മഴമേഘങ്ങളും കേരളത്തിൽ തുലാമഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.
തുലാവർഷത്തിന് സമാനമായ മഴ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തവണ തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.