‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: കോവിഡ് കാലത്ത് നടപ്പാക്കിയ ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളും ഗുരുതര ഭരണവീഴ്ചകളും കണ്ടെത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. പദ്ധതിയുടെ അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

പദ്ധതിക്കായി ആകെ 4.89 കോടി രൂപ ചെലവഴിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, വീഡിയോ കോൺഫറൻസ് മുറി നിർമ്മാണം ഉൾപ്പെടെയുള്ള ചെലവുകളിൽ ക്രമക്കേടുണ്ടെന്നും ടെണ്ടർ നടപടികൾ പാലിക്കാതെയാണ് വാങ്ങലുകൾ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ബ്രേക്ക് ദി ചെയിൻ’ പദ്ധതി നടപ്പാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ സർക്കാർ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും, കോവിഡ് മാനദണ്ഡങ്ങളിൽ പ്രത്യേക ഇളവ് ലഭിച്ചിരുന്നോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സാനിറ്റൈസർ നിർമാണത്തിന് സർക്കാർ അനുമതി ഉണ്ടായിരുന്നില്ലെന്നും, ആവശ്യമായ ലൈസൻസില്ലാതെ ജയിൽവകുപ്പിന് നിർമാണാനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സർക്കാർ അനുമതിയില്ലാതെ സാമൂഹ്യ സുരക്ഷാ മിഷൻ പ്രവർത്തിച്ചെന്നും, ചട്ടങ്ങൾ ലംഘിച്ച് 30 ലക്ഷം രൂപ ചെലവഴിച്ച് കിയോസ്‌കുകൾ വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സാനിറ്റൈസർ നിർമാണത്തിലും വിതരണത്തിലും ചട്ടലംഘനമുണ്ടായതായും, ചെലവുകളുടെ കണക്കുകളിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് പറയുന്നു. ജിഎസ്ടി രേഖപ്പെടുത്താത്തതും കൈയെഴുത്തിലുള്ളതുമായ രേഖകളാണ് കൂടുതലായും ഹാജരാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഓഡിറ്റിങ് നടത്തിയിട്ടുണ്ടെന്നാണ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണം. എന്നാൽ, ഇതിന് പിന്തുണയാകുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും, നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ വിലയിരുത്തൽ.