മൂന്ന് കൊലപാതകങ്ങൾ; കോടതി മുറിയിലും കൂസലില്ലാതെ ചെന്താമര, വധശിക്ഷ ആവശ്യപ്പെട്ട് ഇരകളുടെ കുടുംബം

മൂന്ന് കൊലപാതകങ്ങൾ; കോടതി മുറിയിലും കൂസലില്ലാതെ ചെന്താമര, വധശിക്ഷ ആവശ്യപ്പെട്ട് ഇരകളുടെ കുടുംബം

പാലക്കാട്: യുവതിയെയും തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ കേസുകളിലെ പ്രതി ചെന്താമര കോടതി നടപടികളെയും കൂസലില്ലാതെ നേരിട്ടു. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി–4-ലാണ് കേസിൽ വിധി പ്രസ്താവിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ കോടതിയിലെത്തിച്ചത്. വിധി കേൾക്കാനായി കോടതിക്ക് പുറത്ത് വലിയ ജനക്കൂട്ടവും ഒത്തുകൂടിയിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുൻപ് ജഡ്ജി കെന്നത്ത് ജോൺ പ്രതിയോട് ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും ചെന്താമര യാതൊരു ഭാവഭേദവുമില്ലാതെയാണ് മറുപടി നൽകിയത്.

2019 ഓഗസ്റ്റ് 31-ന് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് 2025 ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരൻ (54), മാതാവ് ലക്ഷ്മി (75) എന്നിവരെയും നെന്മാറയിലെ വീട്ടിൽ കയറി കൊലപ്പെടുത്തിയത്.

സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. സുധാകരന്റെയും ലക്ഷ്മിയുടെയും കൊലപാതകക്കേസിൽ ശിക്ഷാവിധി ഈ മാസം 15-ന് പ്രഖ്യാപിക്കും.

അതേസമയം, കൊല്ലപ്പെട്ട സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ഏറ്റവും കർശനമായ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.