;

പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

ചെങ്ങന്നൂർ∙ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘‘പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല’’–പിണറായി പറഞ്ഞു.

ചങ്ങനാശേരിയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പിണറായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരുടെ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

മുഖ്യമന്ത്രിയായിരിക്കെ മകൾ ടി.വീണ വഴി സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്.

വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ കൈക്കൂലി ഇടപാടിന് നേതൃത്വം നൽകിയെന്നും പണം വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതര ആരോപണവും ഇ.ഡിയുടെ കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയും കത്തിലുണ്ട്.

സി.എം.ആർ.എലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പ്രകാരം ഇ.ഡി അന്വേഷണം നടത്തിയത്.

;