തൃശൂർ: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വലിയ പിന്തുണ പ്രയോജനപ്പെടുത്താൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ദേവൻ ആരോപിച്ചു. കേരളത്തിൽ തനിക്ക് ജനങ്ങളിൽ നിന്ന് വലിയ റെസ്പോൺസാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഭീകരവാദമാണെന്നും ഇത് നേരിടുന്നതിൽ ബിജെപി നേതൃത്വം പരാജയപ്പെട്ടെന്നും ദേവൻ വിമർശിച്ചു. ഇതാണ് പാർട്ടി വിടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പഴയ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ദേവൻ പറഞ്ഞു.
തൃശൂരും പുതുക്കാടും നിയമസഭാ സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും അവസാനഘട്ടത്തിൽ തന്നെ മാറ്റി മറ്റുള്ളവരെ സ്ഥാനാർഥികളാക്കിയെന്നും ദേവൻ ആരോപിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖറിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ആരും പറഞ്ഞില്ലെന്നും തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നും ദേവൻ ആരോപിച്ചു.
“ഒരു സ്ഥാനത്തിന് വേണ്ടി വന്ന വ്യക്തിയല്ല ഞാൻ. അതുകൊണ്ടുതന്നെ കടിച്ചുതൂങ്ങി നിൽക്കാൻ സാധിക്കില്ല. ഞാൻ ആരാണെന്ന് നേതൃത്വം മനസിലാക്കണം. പ്രവർത്തിക്കാൻ ഒരു സംവിധാനം ഉണ്ടാക്കണം. അതിനായി ഒരു സ്പേസ് വേണം. അതില്ലാതെ ആർക്കും പ്രവർത്തിക്കാൻ സാധിക്കില്ല,” ദേവൻ പറഞ്ഞു.
“ജനങ്ങൾക്ക് എന്നെ വിശ്വാസമാണ്, എന്റെ പാർട്ടിയെ വിശ്വാസമില്ല” എന്നും ദേവൻ വ്യക്തമാക്കി.
2021ൽ ഡൽഹിയിൽ താനും അമിത് ഷായും മാത്രമായി യോഗം ചേർന്നിരുന്നുവെന്നും കെപിപി-ബിജെപി ലയനം സംബന്ധിച്ച് അന്ന് തീരുമാനമെടുത്തിരുന്നുവെന്നും ദേവൻ പറഞ്ഞു. ഏത് സീറ്റാണ് വേണ്ടതെന്ന് അമിത് ഷാ ചോദിച്ചപ്പോൾ, ഒരു സീറ്റിന് വേണ്ടിയല്ല തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധരിക്കപ്പെട്ട ബിജെപിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തനിക്ക് ഒരു സ്ഥാനം വേണമെന്നാണ് അന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതെന്നും ദേവൻ വിശദീകരിച്ചു.