വാഷിംഗ്ടൺ | അമേരിക്കയിൽ ആമസോൺ കാർഗോ വിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് ബോയിംഗ് 767-300 കാർഗോ വിമാനം അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രണ്ട് മണിക്ക് തൊട്ടുമുൻപായിരുന്നു അപകടം.
ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വിമാനത്താവളത്തിന് സമീപം നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രാദേശിക ഭരണകൂടത്തോടും ബന്ധപ്പെട്ട അധികൃതരോടും തേടിവരികയാണെന്ന് ആമസോൺ അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയും പുകയും നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) ഉത്തരവിട്ടു. വർഷത്തിലെ ഏറ്റവും തിരക്കേറിയ ലേബർ ഡേ വാരാന്ത്യത്തിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. വിമാനം ഇടിച്ചതിനെ തുടർന്ന് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും നിരവധി പേർ കുടുങ്ങിയിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.