;

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം; കർശന നടപടിക്ക് നിർദേശം

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം; കർശന നടപടിക്ക് നിർദേശം

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. സൈബർ വിഭാഗം ഐജിക്കാണ് നിർദേശം നൽകിയത്.

ജിജോ ജോണിന്റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. മുൻകാലങ്ങളിൽ ജിജോ നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപങ്ങൾക്ക് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

ലഭിച്ച പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അതേസമയം, ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രൂക്ഷമായി പ്രതികരിച്ചു. അപ്രതീക്ഷിത വേർപാടിന് പിന്നാലെ ഒരു മാധ്യമപ്രവർത്തകനെതിരെ മാത്രമല്ല, ഏതൊരു മനുഷ്യനെതിരെയും ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ ഉയർന്ന സാമൂഹിക സംസ്കാരത്തിന് കളങ്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖമുള്ളതും ഇല്ലാത്തതുമായ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ ഏത് മാനവികതയെയും മാനുഷിക മൂല്യങ്ങളെയുമാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് വേണമെന്നും വ്യക്തമാക്കി.

;