തിരുവനന്തപുരം: കാപ്പ കേസിൽ തടവിൽ കഴിയുന്ന കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും. ജയിലിലെ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
സത്യപ്രതിജ്ഞയ്ക്കായി നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കാപ്പ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിന് പുറത്തുപോയി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയൂവെന്നായിരുന്നു കോടതിയുടെ നിർദേശം. നിലവിൽ കാപ്പ കേസിൽ ജാമ്യം ലഭിക്കാത്തതിനാലാണ് ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ തീരുമാനമായത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മേയറോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതോടെ ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ ജനപ്രതിനിധിയാകും സുഗതൻ.
അതേസമയം, സത്യപ്രതിജ്ഞ പൂർത്തിയാക്കിയതുകൊണ്ട് മാത്രം ബിജെപിയുടെ പ്രതിസന്ധി അവസാനിക്കില്ല. നിയമപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ സുഗതന് കൗൺസിൽ അംഗത്വം നഷ്ടമാകാൻ സാധ്യതയുണ്ട്. ഇത് ബിജെപിക്ക് രാഷ്ട്രീയമായും ഭരണപരമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.