;

ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും വാഹനമോടിച്ചു; അശ്വന്ത് കോക്കിനെതിരെ നടപടി

ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും വാഹനമോടിച്ചു; അശ്വന്ത് കോക്കിനെതിരെ നടപടി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ട യുട്യൂബർ അശ്വന്ത് കോക്കിനെതിരെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും നടപടി. അശ്വന്തിന്റെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 2025 ഫെബ്രുവരി 16ന് അവസാനിച്ചതായി പരിശോധനയിൽ കണ്ടെത്തി.

2005 ഫെബ്രുവരി 17ന് പേരാമ്പ്ര സബ് ആർ.ടി. ഓഫിസിൽനിന്നാണ് അശ്വന്തിന് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചത്. എന്നാൽ 2025 ഫെബ്രുവരി 16 വരെ മാത്രമായിരുന്നു ലൈസൻസിന്റെ കാലാവധി.

കഴിഞ്ഞയാഴ്ച കോഴിക്കോട് നടക്കാവിന് സമീപമാണ് അശ്വന്ത് ഓടിച്ച വാഹനം കാറിലും ഇരുചക്ര വാഹനങ്ങളിലുമടക്കം ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധന നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത് അശ്വന്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹനമിടിച്ച് തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

സംഭവദിവസം ലൈസൻസ് കൈവശമില്ലെന്നായിരുന്നു അശ്വന്ത് പൊലീസിനോട് പറഞ്ഞത്. പിന്നീട് ലൈസൻസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചതിനെ തുടർന്ന് സമർപ്പിച്ച രേഖ പരിശോധിച്ചപ്പോഴാണ് കാലാവധി അവസാനിച്ച വിവരം പുറത്തുവന്നത്.
ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും വാഹനം ഓടിച്ചതിന് അശ്വന്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. അതേസമയം, ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സാഹചര്യത്തിൽ അഞ്ച് വർഷത്തേക്ക് അശ്വന്തിന് ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കി.

;