തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്സി, എസ്ടി വകുപ്പുകൾ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാലയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. രമ്യ ഹരിദാസ് എംഎൽഎയുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാലയം പ്രദീപ്.
യോഗത്തിൽ പാലയം പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ രമ്യ ഹരിദാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് തർക്കം രൂക്ഷമായത്.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. തന്നെ ക്ഷണിച്ചതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് അംഗമായ സജാദിന്റെ വീട്ടിലെത്തിയത്. എന്നാൽ അവിടെവച്ച് സജാദും സുഹൃത്തുക്കളും ചേർന്ന് തന്നെ ആക്രമിച്ചെന്നും ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാലയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തുന്നയാളാണ് സജാദെന്നും എംഎൽഎ ആരോപിച്ചു.
അതേസമയം, എംഎൽഎ തന്നെ ആക്രമിച്ചെന്നാണ് സജാദിന്റെ ആരോപണം. തന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും സജാദ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഉദ്യോഗസ്ഥരുടെയും യോഗത്തിനിടെ രമ്യ ഹരിദാസിന്റെ പിഎ പാലയം പ്രദീപ് പങ്കെടുത്ത് കരാറുകാർക്ക് നിർദേശങ്ങൾ നൽകിയെന്നാണ് സജാദിന്റെ ആരോപണം. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തിയിരുന്നു.
തുടർന്ന് എംഎൽഎയും പിഎയും കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്.