കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം അതീവ ദാരുണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
തട്ടുകട നടത്തി ഉപജീവനം കഴിച്ചിരുന്നയാളാണ് അപകടത്തിൽ മരിച്ചത്. സംഭവം അറിഞ്ഞയുടൻ പോലീസ് കമ്മീഷണറോടും ഡിജിപിയോടും വിശദീകരണം തേടിയിരുന്നു. ആദ്യം പോലീസ് സ്വീകരിച്ച നടപടി ശരിയായിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കേസിൽ ഉൾപ്പെടുത്തേണ്ട വകുപ്പുകൾ ചേർക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇതേത്തുടർന്നാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്.
പ്രതിയെ ജുവനൈൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ഉടൻ ജാമ്യം ലഭിച്ചത് ആശ്ചര്യപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു. ജാമ്യം റദ്ദാക്കുന്നതിനായി പോലീസ് അപേക്ഷ നൽകും. അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ ഉടമയായ പ്രതിയുടെ പിതാവിനെതിരെയും കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.