കൊച്ചി: ചേരാനല്ലൂരിൽ 56കാരൻ മരിച്ച വാഹനാപകടത്തിൽ കാർ ഓടിച്ച 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ റിനോ ഫ്രാൻസിസിനെ പ്രതിചേർത്തു. വാഹന ഉടമയെന്ന നിലയിലാണ് നടപടി. സംഭവത്തിൽ പൊലീസിന്റെ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് നടപടി.
അപകടത്തിൽ ജഡ്ജിയുടെ മകനായ 17കാരന് പ്രത്യേക പരിഗണന ലഭിച്ചെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ജഡ്ജിക്കെതിരെയും നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.
അപകടവുമായി ബന്ധപ്പെട്ട കേസിൽ 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയുമായി ബന്ധപ്പെട്ട വകുപ്പുകൾക്കു പകരം മനഃപൂർവമുള്ള നരഹത്യാ വകുപ്പ് കൂടി ചുമത്തി കുട്ടിയെ വീണ്ടും കസ്റ്റഡിയിലെടുത്ത ശേഷമാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ട്.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ അടിയന്തര വിശദീകരണം തേടി. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 17കാരന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളി മഹേഷ് കുമാർ അറിയിച്ചു.
ചേരാനല്ലൂർ മാനാപ്പുറം അമ്പലത്തിന് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയും തട്ടുകട ഉടമയുമായ ജയബാലകൃഷ്ണനാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
ജഡ്ജിക്കെതിരെ ആദ്യഘട്ടത്തിൽ കേസെടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു. കേസെടുക്കാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിയമസഭയിൽ സമ്മതിച്ചു. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്നും നരഹത്യാക്കുറ്റം ചുമത്താതിരുന്നത് വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.