തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്‌പോൺസേഡ് വിമാനയാത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മംഗലാപുരത്തേക്കും മലപ്പുറത്തേക്കും പോയ ചാർട്ടേഡ് വിമാനങ്ങളുടെ സ്‌പോൺസർ ആരാണെന്ന് ജനങ്ങൾക്ക് അറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നടപടികളെ കോൺഗ്രസ് എം.എൽ.എമാർക്കിടയിൽ പോലും എതിർപ്പുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. എന്നാൽ ഇത്തരം യാത്രകൾ തുടരുമെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വലിയ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിലപാടുകളെ കേരളം ശക്തമായി എതിർക്കുകയാണ്. പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാനാകാത്തതിനാലാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോകുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ മുഖ്യമന്ത്രിയുടെ ഇത്തരം തീരുമാനങ്ങളെ എതിർക്കുമെന്നും ജനങ്ങൾ അദ്ദേഹത്തെ തിരുത്തണമെന്നും തിരുത്തുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.