കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ് തുടങ്ങി, ഗതാഗതം സാധാരണ നിലയിൽ

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ് തുടങ്ങി, ഗതാഗതം സാധാരണ നിലയിൽ

ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ബെംഗളൂരുവിലും മൈസൂരുവിലും കർണാടക ആർ.ടി.സി ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ സർവീസുകളും നടത്തുമെന്ന് കർണാടക ആർ.ടി.സിയുടെ മൈസൂരു ഡിവിഷൻ അറിയിച്ചു. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലും ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.

സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി. ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ സ്കൂളുകൾ അടച്ചിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ജില്ലാ കമ്മീഷണർമാർക്ക് തീരുമാനമെടുക്കാമെന്നും വകുപ്പ് അറിയിച്ചു.

ബന്ദ് പ്രഖ്യാപിച്ചിട്ടും ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികൾ, കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും പതിവുപോലെ പ്രവർത്തിക്കും.

നഗരത്തിലെ ഷോപ്പിംഗ് മാളുകളും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുമെന്നാണ് വിവരം. ബി.എം.ടി.സി, കർണാടക ആർ.ടി.സി, ബെംഗളൂരു നമ്മ മെട്രോ സർവീസുകളും സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള ബസ് സർവീസുകൾക്കും ഇതുവരെ തടസ്സമുണ്ടായിട്ടില്ല. കർണാടക-തമിഴ്നാട് അതിർത്തി മേഖലകളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാവേരി നദീജല വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കന്നഡ അനുകൂല സംഘടനകൾ സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.