;

പാലക്കാട് ഇരട്ടക്കൊലപാതകം; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട് ഇരട്ടക്കൊലപാതകം; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിനിടെ സംശയങ്ങൾ ഉയർന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശികളായ ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ മുങ്ങിമരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

എന്നാൽ, നിവേദ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. നിവേദ്യയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിച്ചശേഷമേ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറുമായ എസ്. രജീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഡലിങ്ങിനോടും മറ്റും താൽപര്യമുണ്ടായിരുന്ന തനിക്ക് കുട്ടികൾ തടസ്സമാകുമെന്ന് തോന്നിയതിനാലാണ് കൃത്യം നടത്തിയതെന്നാണ് നിവേദ്യ പൊലീസിന് നൽകിയ മൊഴി.

കഴിഞ്ഞ ദിവസമാണ് നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിനു പിന്നാലെ ബുധനാഴ്ച രാവിലെയാണ് നിവേദ്യയെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ അമ്മയുടെ ആൺസുഹൃത്തിന് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

;