നിത്യജീവിതത്തിലെ മനോഹാരിതകൾ വരകളിലും വർണ്ണങ്ങളിലുമാക്കി ശ്രദ്ധേയനായ കൗമാരചിത്രകാരൻ അനുജാത് സിന്ധു വിനയ് ലാൽ ഇപ്പോൾ, കേരളത്തിൻ്റെ യശസ്സ് രാജ്യാന്തരങ്ങളിൽ എത്തിക്കുന്ന അതിബൃഹത്തായ ഒരു ചിത്രസംരംഭത്തിനു പിറകിൽ!

നിത്യജീവിതത്തിലെ മനോഹാരിതകൾ വരകളിലും വർണ്ണങ്ങളിലുമാക്കി ശ്രദ്ധേയനായ കൗമാരചിത്രകാരൻ അനുജാത് സിന്ധു വിനയ് ലാൽ ഇപ്പോൾ, കേരളത്തിൻ്റെ യശസ്സ് രാജ്യാന്തരങ്ങളിൽ എത്തിക്കുന്ന അതിബൃഹത്തായ ഒരു ചിത്രസംരംഭത്തിനു പിറകിൽ!


തൃശൂർ: ലളിതമായ ദൈനംദിനകാഴ്ചകളെ മുൻനിർത്തി തൃശൂർ സ്വദേശിയായ അനുജാത് സിന്ധു വിനയ് ലാൽ വരയ്ക്കുന്ന ചിത്രങ്ങൾ ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞതാണ്. തന്റെ ചിത്രങ്ങളിലേക്കു വിഷയങ്ങൾ കണ്ടെത്താൻ കേവലം കൗമാരം പിന്നിട്ട അനുജാതിന് ദൂരേക്ക് എങ്ങും പോകേണ്ടതില്ല. നമ്മൾ ദിവസവും കാണുകയും അവഗണിക്കുകയും ചെയ്യുന്ന അതിസാധാരണവും ലളിതവുമായ കാഴ്ചകൾതന്നെയാണ് ഈ കൊച്ചുകലാകാരന്റെ ചിത്രവിഷയങ്ങൾ! “എന്റെ വരകളിലൂടെ, കൂട്ടിക്കാലംതൊട്ട് ഈ കൗമാരംവരെ ഞാൻ കണ്ട കാഴ്ചകളും അനുഭവങ്ങളുംതന്നെയാണ് മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. ചുറ്റും കാണുന്ന കാഴ്ചകളെക്കുറിച്ചുള്ള എന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളാണവ, ഒരർത്ഥത്തിൽ”.


2022ൽ തൃശൂരിൽ നടന്ന തന്റെ ആദ്യ സോളോ എക്സിബിഷനായ “എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ!’ (Around Me a World of Wonders!) എന്ന പ്രദർശനത്തെക്കുറിച്ച് അനുജാത് ഓർക്കുന്നു. കുട്ടികളെ ചുറ്റുമുള്ള കാഴ്ചകളിലേക്കും അതുവഴി കലയിലേക്കും ഉണർത്തുന്നതിനുവേണ്ടി നടത്തിയ പ്രദർശനപരമ്പരയായിരുന്നു, അത്. തൃശ്ശൂരിനുശേഷം കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും അവ പ്രദർശിപ്പിക്കപ്പെടുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും മാധ്യമങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു.


തന്റെ കുട്ടിക്കാലംമുതൽ വരച്ച ‘ദിനസരി’ ഡ്രോയിങ്ങുക(Daily Drawings)ളിൽനിന്നും തിരഞ്ഞെടുത്തവയായിരുന്നു ആ ചിത്രങ്ങളെന്ന് അനുജാത് പറയുന്നു. (അവ പുസ്തകരൂപത്തിൽ കറന്റ് ബുക്സ് തൃശ്ശൂർ പ്രസിദ്ധീകരിച്ചത് ആമസോണിലും കടകളിലും ഇപ്പോൾ ലഭ്യം).
ചിത്രങ്ങളിൽ കാഴ്ചക്കാരുടെ ശ്രദ്ധ ഏറെ കവർന്ന പൂച്ച, തന്റെ വീട്ടിൽ സ്ഥിരമായി വരുന്നതാണെന്ന് അനുജാത് പറയുന്നു. കൂടാതെ, പ്ലാസ്റ്റിക് വീട്ടുപാത്രങ്ങൾ വിൽക്കാനെത്തുന്ന, തമിഴ്നാട്സ്വദേശിയായ രാജു പുത്തൂർ എന്ന കച്ചവടക്കാരനും തന്റെ താമസസ്ഥലമായ കുണ്ടുവാറയിലെ സ്ഥിരംകാഴ്ചതന്നെ! പിന്നെയുമുണ്ട് കാഴ്ചകൾ! ചെമ്പൂക്കാവിലെ കോവിഡ്കാലത്തെ റേഷൻകട, തൃശൂർ ഷൊർണൂർ റോഡിൽ വില്പനക്കുവെച്ച ചക്കകൾ, തൃശൂർപൂരത്തിന്റെ വേദിയായ തെക്കിൻകാട്മൈതാനത്തെ പതിവുകാഴ്ചയായ ഒരു തെരുവുകാള, സ്കൂൾവിട്ട് വിശന്നുവരുമ്പോൾ കാപ്പിയും നാലുമണിപ്പലഹരങ്ങളുംകൊണ്ട് സത്കരിക്കുന്ന ഷൊർണൂർ റോഡിലെ ‘ഗണപതിവിലാസം ഹോട്ടൽ’ തുടങ്ങിയവയെല്ലാം അനുജാതിന്റെ ചിത്രങ്ങളിൽ കാഴ്ചയും അനുഭവവുമായി സൂക്ഷ്മമായി ഇടംപിടിച്ചിട്ടുണ്ട്.


“പല കുട്ടികളും എന്താണ് തങ്ങൾ വരയ്ക്കേണ്ടതെന്ന സംശയത്താടെ വരയ്ക്കാനാവാതെ ആശങ്കപ്പെട്ടുനിന്ന് ഒടുവിൽ ശ്രമംതന്നെ ഉപേക്ഷിക്കാറുണ്ട്. പിന്നീടത് കലയെത്തന്നെ ഉപേക്ഷിക്കലായി മാറും. ചുറ്റുമുള്ള കാഴ്ചകൾതന്നെ മതിയല്ലൊ വരച്ചുതുടങ്ങാൻ എന്ന് അവരോടു പറയാനാനും അവരെ വരയിലേക്കും വർണ്ണങ്ങളിലേക്കും തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായായിരുന്നു, ഞാൻ എന്റെ ചിത്രങ്ങൾ അന്നു പ്രദർശിപ്പിച്ചത്. നമുക്ക് ചുറ്റും ഒരുപാട് കാഴ്ചകളുണ്ട്; കൗതുകങ്ങളും. അവ അവരെ കലയിലേക്ക് ഉണർത്തട്ടെ എന്നു കരുതി.” അനുജാത് ലളിതമായി പറയുന്നു.


മറ്റു കുട്ടികളെപ്പോലെത്തന്നെ കുട്ടിക്കാലത്ത് കുന്നുകളും വീടുകളും വാഹനങ്ങളുമൊക്കെയായിരുന്നു അനുജാതിൻ്റെയും ഇഷ്ടവിഷയങ്ങൾ. എന്നാൽ പേപ്പറിൽ പേന തൊടുമ്പോഴുള്ള, അയാളുടെതു മാത്രമായ ഒരു ‘അസ്വാഭാവികത’ ആദ്യം ശ്രദ്ധിച്ചത് തൃശൂർ ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂളിലെ കിന്റർഗാർട്ടൻ അധ്യാപകരായിരുന്നു. ഒൻപതാംവയസ്സിൽ വരച്ച, കേരളത്തിന്റെ മണ്ണും മനുഷ്യരും പ്രകൃതിയും സംസ്കാരവും സൂക്ഷ്മമായി അടയാളപ്പെടുത്തിയ ഒരു അക്രിലിക് ചിത്രം ‘എൻ്റെ കേരളം’ 2014ൽ കേരള ടൂറിസം നടത്തിയ പ്രഥമ ക്ലിന്റ് മെമ്മോറിയൽ ലോക പെയിന്റിങ്ങ്മത്സരത്തിൽ അനുജാതിന് ഒന്നാംസമ്മാനം നേടിക്കൊടുത്തു. മത്സരത്തിനെത്തിയ അയ്യായിരത്തിലേറെ ചിത്രങ്ങളിൽ കേരളത്തെ ഇത്രമേൽ സൂക്ഷ്മമായി അടയാളപ്പെടുത്തിയ മറ്റൊരു ചിത്രം ഉണ്ടായിരുന്നില്ലെന്ന ജൂറി പരാമർശം അനുജാതിന്റെ ചിത്രങ്ങളുടെ മികവിനുള്ള സാക്ഷ്യപത്രമാണ്. ആ ചിത്രം ഇപ്പോൾ സംസ്ഥാനത്തെ സ്കൂളുകളിൽ (CBSE അടക്കം) മൂന്നാംക്ലാസ് മലയാളം പാഠാവലിയിൽ, കുട്ടികൾക്കു പഠിക്കാനായി ചേർത്തിരിക്കുന്നു എന്നതും ഈ ചെറുവയസ്സിൽ അനുജാതിനു കിട്ടുന്ന വലിയ ബഹുമതിയും അംഗീകാരവും തന്നെ!


തുടർന്നുള്ള വർഷങ്ങളിൽ നിരവധി ദേശീയ-അന്തർദേശീയപുരസ്കാരങ്ങൾ ലഭിച്ചെങ്കിലും, “എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും’ (My Mother and Mothers in the Neighborhood) എന്ന ചിത്രം 2018-19ലെ, ലോകപ്രശസ്ത ശങ്കേഴ്സ് ഇന്റർനാഷണൽ അവാർഡ് കരസ്ഥമാക്കുകയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചടക്കുകയും ചെയ്തതോടെയാണ് അനുജാത് ദേശീയ-അന്തർദ്ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
“”അതൊരു വലിയ സർപ്രൈസ് ആയിരുന്നു! ലോകം മൊത്തം മുന്നിൽ വന്നുനിന്നപോലെ!” വിസ്മയത്തടെ ഈ കലാകാരൻ പറയുന്നു. പിന്നീട് 2020-ലെ കേരള സർക്കാരിന്റെ ജെൻഡർ ബഡ്ജറ്റിന്റെ കവർ ചിത്രമാവുകയും ചെയ്തു, അത്.


അമ്മമാർ നിർവഹിക്കുന്ന, കുടുംബത്തിനും കുട്ടികൾക്കും ലോകത്തിനുവേണ്ടിതന്നെയും ചെയ്യുന്ന ദയാരഹിതമായ (Thankless) കൂലികിട്ടാപ്പണികളെ (Unpaid Household Chores) ഒന്നൊന്നായി നിരത്തി, ലോകത്തെ ഞെട്ടിച്ചു, അനുജാത് ഈ ചിത്രത്തിലൂടെ! സ്വന്തം അമ്മയും അയൽപക്കത്തെ നിരവധി അമ്മമാരും നിരന്തരം ഒഴുക്കുന്ന വിയർപ്പും വേവലാതികളും, അടുക്കളയിൽ ഒടുങ്ങുന്ന അവരുടെ കരിപിടിച്ച ജീവിതവും കണ്ടുകണ്ടാണ് അനുജാത് ഈ ചിത്രം മുഴുമിപ്പിച്ചത്. 2019ലെ ബജറ്റ് സമ്മേളനത്തിനിടയിൽ ഒരു മിനിറ്റ് നിർത്തി ഈ ചിത്രത്തെക്കുറിച്ചും അതു വരച്ചയാളെക്കുറിച്ചും അന്നത്തെ ധനമന്ത്രി തോമസ് ഐസക് സംസാരിച്ചത് വാർത്തയായിരുന്നു. (വരക്കാരനെ നേരിൽ കാണാനും ചിത്രങ്ങൾ ആസ്വദിക്കാനും പിന്നീടദ്ദേഹം രണ്ടുതവണ അനുജാതിൻ്റെ വീട്ടിൽ എത്തിയത് മറക്കാനാവാത്ത അനുഭവം!) എന്നൽ, ഈ ചിത്രം ബഡ്ജറ്റ് കവറായി വരുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു ഹൃദയശസ്ത്രക്രിയയെ തുടർന്ന് അമ്മ സിന്ധു മരണപ്പെട്ടത് വലിയ നൊമ്പരമായി മാറി. ലോകത്തിലെ നിരവധി രാജ്യങ്ങളിലെ വീട്ടകങ്ങളെ അലങ്കരിക്കുന്നു, ആ ചിത്രം എന്നത് ഈ ചെറുപ്രായത്തിൽ അനുജാതിനുമാത്രം കിട്ടുന്ന സൗഭാഗ്യമാണ്. ഇപ്പോഴും അതിന്റെ പകർപ്പുകൾക്കായി അയാളെ തേടിയെത്തുന്നു, ലോകത്തിന്റെ പലഭാഗത്തു നിന്നുമായി അന്വേഷണങ്ങൾ!


2018ൽ “നമുക്കുണ്ട് ഊർജം’ (We Have Energy) എന്ന ഐക്യരാഷ്ട്രസഭയുടെ ആഗോളകാമ്പയിന് 70-ലേറെ രാജ്യങ്ങൾ ഉൾപ്പെട്ട ഏഷ്യാഫസഫിക്കിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്നു ചിത്രങ്ങളിൽ ഒന്ന് അനുജാതിന്റെതായിരുന്നു. ഇന്ത്യയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും! 2019ൽ അയാളുടെ “എന്റെ ആടുകളും അവരുടെ ജീവിതവും’ എന്ന ചിത്രപരമ്പര ഒരു പ്രശസ്ത ബാങ്കിന്റെ കലണ്ടറിലും ഇടംനേടി. പെൻഗ്വിനെപ്പോലെ ആഗോള മുൻനിരപ്രസാധകരായ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച, കോവിഡ് കാലത്തെ കേരളത്തിലെ സ്വന്തം അതിജീവനകഥകൾ പറയുന്ന, പ്രശസ്ത മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ അഞ്ജനാമേനോന്റെ ‘Onam in a Nighty- പുസ്തകത്തിനുവേണ്ടി കവർ രൂപകല്പനചെയ്തതും രേഖാചിത്രങ്ങൾ വരച്ചതും മറ്റൊരു അന്തർദേശീയ അംഗീകാരമായി, അനുജാതിന്.
“”അനുജാത് വളരെ ആത്മാർത്ഥതയുള്ള, സ്വാഭാവികതയുള്ള ഒരു കലാകാരനാണ്. കുട്ടികൾക്ക് അവന്റെ ചിത്രങ്ങൾ വലിയ പ്രചോദനവുമാണ്, നാളത്തെ പ്രതീക്ഷയായി ഞാനയാളെ കാണുന്നു” കേരള ലളിതകല അക്കാദമി മുൻ ചെയർപേഴ്സണും പ്രശസ്തചിത്രകാരനുമായ മുരളി ചീരോത്ത് അഭിപ്രായപ്പെടുന്നു.


+2 കഴിഞ്ഞ്, തുടർപഠനം മാറ്റിവെച്ച് ഒരു വലിയ കലാസംരംഭത്തിന്റെ പിറകിലാണ് അനുജാത് ഇപ്പോൾ. കേരളത്തിന്റെ, വിശേഷിച്ച് തൃശ്ശൂരിന്റെ സാംസ്കാരികമുദ്രയായി ആഗോള ടൂറിസം മാപ്പിൽ അടയാളപ്പട്ട തൃശ്ശൂർപൂരത്തെ, ലോക കലാഭൂപടത്തിൽ ചിത്രപ്പെടുത്തുന്ന അതിബൃഹത്തായ ഒരുദ്യമത്തിനു പിറകിൽ! മൂന്നിലേറെ വർഷം കർമ്മനിരതനായി നിൽക്കേണ്ടുന്ന, ഒരു മൂന്നുനിലകെട്ടിടത്തിന്റെ അത്രയും വലുപ്പംവരുന്ന ഈ പടുകൂറ്റൻ പെയിന്റിങ്ങ് 2027 ഏപ്രിലോടെ തീർക്കാനും, ദേശീയ-അന്തർദേശീയവേദികളിൽ പ്രദർശിപ്പിക്കാനുമുള്ള തീവ്രയത്നത്തിലാണ് അയാൾ. അതു കഴിഞ്ഞാണ് ഇനി അയാളുടെ തുടർപഠനം. വലിയ സാമ്പത്തികബാധ്യത വരുന ഈ മഹത്തായ കലാസംരംഭത്തിന് സാമ്പത്തികപിന്തുണ നൽകാൻ ആരും എത്താത്തതുകൊണ്ട് ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്, നാളെ അഭിമാനമായി മാറുന്ന ഈ മഹായജ്ഞം. “കലയുടെ മികവിന് ഇത്രയും ബഹുമതികളും രാജ്യ-രാജ്യാന്തര അംഗീകാരവും നേടിയ ഒരു കുട്ടിയെ, അയാളുടെ സ്വപ്നപദ്ധതി സാക്ഷാത്കരിക്കാൻ ലോകം ഒന്നടങ്കം വന്നു സഹായിക്കേണ്ടതാണ്. പേക്ഷേ അതുമാത്രം സംഭവിക്കുന്നില്ല. അയാളുടെ ആവേശം കെടാതിരിക്കാനും അയാളുടെ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള നെട്ടോട്ടത്തിലാണു ഞാൻ.” പിതാവ് വിനയ് ലാൽ മകൻ കേൾക്കാതെ പറയുന്നു.