ദുബൈ: എയർബസിന്റെ A380 വിമാനങ്ങളിൽ ചില തകരാറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തങ്ങളുടെ ചില വിമാനങ്ങൾ ഉടൻ പരിശോധിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. വിമാനങ്ങളിലെ പ്രധാന ചിറകിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് 16 A380 വിമാനങ്ങൾ പരിശോധിക്കുമെന്ന് എയർബസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. അവയിൽ അഞ്ചെണ്ണം ഉടൻ തന്നെ പരിശോധിക്കുമെന്നും പറഞ്ഞിരുന്നു. എമിറേറ്റ്സും ക്വാണ്ടാസ് എയർലൈനും ഉപയോഗിക്കുന്നവയാണ് ഈ വിമാനങ്ങൾ. പരിശോധിക്കുന്ന 16 വിമാനങ്ങളിൽ 15 എണ്ണം എമിറേറ്റ്സിന്റേതും ഒന്ന് ക്വാണ്ടാസിന്റേതുമാണ്.
സൂപ്പർജംബോ വിമാനങ്ങളിലൊന്നിന്റെ ചിറകിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് 16 എയർബസ് എ380 വിമാനങ്ങൾ അടിയന്തര പരിശോധനക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) ഉത്തരവിട്ടിരുന്നു. അഞ്ച് എമിറേറ്റ്സ് വിമാനങ്ങൾ അടുത്ത പറക്കലിന് മുമ്പ് പരിശോധിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമാതാക്കളായ എയർബസാണ് ഇവ നിർമിച്ചത്.