മൂവാറ്റുപുഴ: മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ അഭിവന്ദ്യ ഡോ. അബ്രഹാം മോർ ജൂലിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 81 വയസായിരുന്നു. 1945 മേയ് 25ന് തിരുവല്ലയിലെ കല്ലൂപ്പാറയിൽ വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായാണ് ജനനം.
1961ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്ര പഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്ര പഠനവും നടത്തി.
വൈദികനായ ശേഷം വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സജീവമായി. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും വളർച്ചയിലും നിർണായക പങ്കുവഹിച്ചു.
ബൈബിൾ പഠനത്തിൽ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉന്നതപഠനം നടത്തി. ബൈബിൾ, ദൈവശാസ്ത്ര വിഷയങ്ങളിൽ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവർത്തിച്ചു.
2008 ജനുവരി 18നാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായത്. 2008 ഫെബ്രുവരി 9ന് മൂവാറ്റുപുഴ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു.
2008 മുതൽ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ചു. 2026 സെപ്റ്റംബർ 19നാണ് ഡോ. അബ്രഹാം മോർ ജൂലിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തത്.