;

ആദ്യ ദശകം പൂർത്തിയാക്കി ടെലികോമിനപ്പുറം വളർന്ന് ജിയോ

ആദ്യ ദശകം പൂർത്തിയാക്കി ടെലികോമിനപ്പുറം വളർന്ന് ജിയോ

ഇന്ത്യയിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ആഗോള വിപണിയിലേക്ക്; AI, പേറ്റന്റുകൾ, ക്ലൗഡ്, എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം

കൊച്ചി,: ഇന്ത്യയുടെ കണക്റ്റിവിറ്റി രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ആദ്യ ദശകം പൂർത്തിയാക്കുമ്പോൾ ടെലികോം കമ്പനിയിൽ നിന്ന് സമഗ്ര ഇന്ത്യൻ ടെക്നോളജി കമ്പനിയെന്ന നിലയിലേക്കുള്ള വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ജിയോ. സ്വന്തമായി വികസിപ്പിക്കുന്ന നെറ്റ്‌വർക്ക് സോഫ്റ്റ്‌വെയറുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ബൗദ്ധിക സ്വത്തവകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്, എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവയാണ് രണ്ടാം ദശകത്തിൽ ജിയോയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.

ആദ്യ പത്ത് വർഷങ്ങളിൽ ജിയോയുടെ വളർച്ച പ്രധാനമായും ഉപഭോക്താക്കളുടെ എണ്ണം, ഡാറ്റ ഉപയോഗം, നെറ്റ്‌വർക്ക് വ്യാപനം, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ചെലവ് കുറച്ചത് തുടങ്ങിയ ഘടകങ്ങളിലൂടെയാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ രണ്ടാം ദശകത്തിലേക്ക് കടക്കുമ്പോൾ വളർച്ചയുടെ ദിശ മാറുകയാണ്. ടെലികോം നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം എന്നതിൽ നിന്ന് സാങ്കേതികവിദ്യ തന്നെ ഒരു ഉൽപ്പന്നമാക്കി മാറ്റുകയാണ് ജിയോ ലക്ഷ്യമിടുന്നത്.

ജിയോ പ്ലാറ്റ്‌ഫോംസ് മാനേജിങ് ഡയറക്ടർ ആകാശ് അംബാനിയും കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഈ മാറ്റത്തിന്റെ ദിശ വ്യക്തമാക്കിയിരുന്നു. കണക്റ്റിവിറ്റി, ഡിജിറ്റൽ ഉൽപ്പന്നങ്ങൾ, എന്റർപ്രൈസ് സൊല്യൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ തന്നെ സാങ്കേതികവിദ്യ വികസിപ്പിച്ച് ആഗോള വിപണികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിൽ നിന്ന് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലേക്ക്

2016ൽ ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ പ്രവേശിക്കുമ്പോൾ മേഖലയിലെ വലിയൊരു വിഭാഗം സാങ്കേതികവിദ്യകളും വിദേശ കമ്പനികളിൽ നിന്നുള്ളതായിരുന്നു. എന്നാൽ പിന്നീട് 5G കോർ, OSS/BSS സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ജിയോ സ്വന്തമായി വികസിപ്പിച്ചു. നെറ്റ്‌വർക്ക് പ്രവർത്തനം, സേവന സജ്ജീകരണം, ബില്ലിങ് തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സംവിധാനങ്ങളാണ് ഇവ.

ഇതിന് പിന്നാലെ കോർ, റേഡിയോ, ഓപ്പറേഷൻസ് സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുന്ന എൻഡ്-ടു-എൻഡ് 5G ടെക്നോളജി സ്റ്റാക്കിലേക്കും ജിയോ കടന്നു. Standalone 5G ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ വൻതോതിൽ പരീക്ഷിക്കാനും വികസിപ്പിക്കാനും കമ്പനിക്ക് സാധിച്ചു.

2022 ഒക്ടോബറിൽ ആരംഭിച്ച 5G സേവനം വെറും 15 മാസത്തിനുള്ളിൽ, 2023 ഡിസംബറോടെ രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ ജിയോയ്ക്ക് സാധിച്ചു. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം ജിയോയുടെ 5G ഉപയോക്താക്കളുടെ എണ്ണം 26.8 കോടിയിലധികമാണ്. കമ്പനിയുടെ വയർലെസ് ഡാറ്റ ട്രാഫിക്കിന്റെ ഏകദേശം 55 ശതമാനവും 5G വഴിയാണ്. റിലയൻസിന്റെ FY2025-26 വെളിപ്പെടുത്തലുകൾ പ്രകാരം ജിയോയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 52.4 കോടിയിലധികമാണ്.

ഈ കണക്കുകളുടെ പ്രാധാന്യം ഉപഭോക്താക്കളുടെ എണ്ണത്തിൽ മാത്രം ഒതുങ്ങുന്നില്ല. കോടിക്കണക്കിന് ഉപയോക്താക്കളുള്ള സജീവ നെറ്റ്‌വർക്ക് സ്വന്തം സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പരീക്ഷിക്കാനും മെച്ചപ്പെടുത്താനും ജിയോയ്ക്ക് വലിയൊരു യഥാർഥ പരീക്ഷണശാലയായി മാറുന്നു.

6,817 പേറ്റന്റുകൾ; ബൗദ്ധിക സ്വത്തവകാശത്തിലും മുന്നേറ്റം

ടെക്നോളജി കമ്പനിയെന്ന നിലയിലേക്കുള്ള ജിയോയുടെ മാറ്റത്തിന്റെ മറ്റൊരു പ്രധാന സൂചന പേറ്റന്റ് രംഗത്തെ വളർച്ചയാണ്.

2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് 6,817 പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. 4G, 5G, 6G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദ്യകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ 1,009 പേറ്റന്റുകൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

2026ൽ പുറത്തുവന്ന 2025ലെ പേറ്റന്റ് കോ-ഓപ്പറേഷൻ ട്രീറ്റി (PCT) റാങ്കിങ്ങിലും ജിയോ പ്ലാറ്റ്‌ഫോംസ് ശ്രദ്ധേയമായ സ്ഥാനം നേടി. ആ വർഷം പ്രസിദ്ധീകരിച്ച PCT അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആഗോള കമ്പനികളിൽ 12-ാം സ്ഥാനത്താണ് ജിയോ പ്ലാറ്റ്‌ഫോംസ്.

മറ്റുള്ളവരുടെ സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തവകാശവും ഉപയോഗിക്കുന്നതിൽ നിന്ന് സ്വന്തമായി സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തവകാശവും വികസിപ്പിച്ച് അത് വിവിധ വിപണികളിൽ വിന്യസിക്കാനും ലൈസൻസ് നൽകാനും വാണിജ്യവൽക്കരിക്കാനും കഴിയുന്ന ഘട്ടത്തിലേക്കുള്ള മാറ്റത്തെയാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്.

ജിയോയുടെ എഞ്ചിനീയറിങ്, ടെക്നോളജി വിഭാഗത്തിലും ഈ മാറ്റം പ്രതിഫലിക്കുന്നു. കമ്പനിയുടെ കണക്കനുസരിച്ച് 11,303 പേരാണ് എഞ്ചിനീയറിങ്, ടെക്നോളജി ടീമിലുള്ളത്. ഇത് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ ഏകദേശം 40 ശതമാനമാണ്.

ടെലികോം സേവനങ്ങൾക്കപ്പുറം സ്വന്തം സാങ്കേതികവിദ്യ വികസിപ്പിച്ച് അതിനെ ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളുമാക്കി മാറ്റുക എന്നതാണ് ജിയോയുടെ രണ്ടാം ദശകത്തിലെ പ്രധാന ദിശ. ഇന്ത്യയിൽ വികസിപ്പിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ’ ടെക്നോളജിക്ക് ആഗോള വിപണിയിൽ അവസരങ്ങൾ കണ്ടെത്തുകയാണ് ഈ മാറ്റത്തിന്റെ അടുത്ത ഘട്ടം.

;