മൂന്നാർ: എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.എം. മണി നടത്തിയ പ്രസംഗം വിവാദമായി. വട്ടവടയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു വിവാദ പരാമർശം.
അഭിമന്യു എറണാകുളം മഹാരാജാസ് കോളജിലായിരുന്നതിനാലാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന സൂചന നൽകുന്ന രീതിയിലായിരുന്നു എം.എം. മണിയുടെ പ്രസംഗം. “അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലായിരുന്നെങ്കിൽ അവരെ ഒരുത്തനെയും വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാണ്. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രസംഗത്തിനിടെ, “ഉന്നത വിദ്യാഭ്യാസത്തിനായി പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്,” എന്നും എം.എം. മണി പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, എം.എം. മണിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.