തിളക്കമാര്‍ന്ന ഒരു പതിറ്റാണ്ട്: കേരള ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ

തിളക്കമാര്‍ന്ന ഒരു പതിറ്റാണ്ട്: കേരള ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ

ഒരു പതിറ്റാണ്ടിനിടയില്‍ ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണം കേരളത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞു എന്നതാണ് റിലയന്‍സ് ജിയോയുടെ ഏറ്റവും വലിയ സംഭാവന

2016 സെപ്റ്റംബറില്‍ വിപണിയിലെത്തി കേരളത്തിൽ മാത്രം 5 ലക്ഷത്തിലധികം വരിക്കാരിക്കാരെ നേടിക്കൊണ്ട് 2026 സെപ്റ്റംബറില്‍ 111.9 ലക്ഷം വരിക്കാര്‍ എന്ന തലത്തിലേക്ക് ജിയോ ഉയര്‍ന്നത് ടെലികോം വിപണിയിലെ സമാനതകളില്ലാത്ത മുന്നേറ്റമാണ്

കൊച്ചി: 2016 സെപ്റ്റംബറില്‍ കേരളത്തിലെ ടെലികോം ലോകത്തേക്ക് റിലയന്‍സ് ജിയോ ചുവടുവെക്കുമ്പോള്‍, അത് കേവലം മറ്റൊരു കമ്പനിയുടെ തുടക്കം മാത്രമായിരുന്നില്ല. മറിച്ച്, സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ ജീവിതരീതിയെത്തന്നെ പാടെ മാറ്റിമറിച്ച ഒരു വലിയ വിപ്ലവത്തിന്റെ ആരംഭമായിരുന്നു. സൗജന്യ ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമായി എത്തിയ ജിയോ, ഇന്റര്‍നെറ്റ് ഉപയോഗം വരേണ്യവര്‍ഗത്തിന്റേത് മാത്രമല്ലെന്നും അത് സാധാരണക്കാരുടെ അവകാശമാണെന്നും തെളിയിച്ചു. ഇന്റര്‍നെറ്റിന്റെ ജനകീയവല്‍ക്കരണത്തിനായിരുന്നു പിന്നീട് കേരളം സാകഷ്യം വഹിച്ചത്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍, പൂജ്യത്തില്‍ നിന്ന് തുടങ്ങി സംസ്ഥാനത്തെ കോടിക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറാന്‍ ജിയോയ്ക്ക് സാധിച്ചു.

ശൂന്യതയില്‍ നിന്നുള്ള കുതിപ്പ്

2016 ഓഗസ്റ്റില്‍ പൂജ്യമായിരുന്നു ജിയോ കണക്ഷനുകള്‍. എന്നാല്‍ സെപ്റ്റംബറിലെ ഔദ്യോഗിക തുടക്കത്തില്‍ത്തന്നെ 5.8 ലക്ഷം ഉപഭോക്താക്കളെ നേടി എല്ലാവരെയും അത്ഭുതപ്പെടുത്തി ജിയോ.

പത്ത് വര്‍ഷത്തെ നിരന്തരമായ മുന്നേറ്റത്തിനൊടുവില്‍, 2026 ജൂണ്‍ മാസത്തോടെ ജിയോയുടെ ഉപഭോക്തൃ അടിത്തറ 111.9 ലക്ഷമെന്ന വന്‍ നേട്ടത്തിലെത്തി. വാര്‍ഷിക വളര്‍ച്ച 35.5 ശതമാനമാണ്.

427.5 ലക്ഷം വയര്‍ലെസ് കണക്ഷനുകളുള്ള കേരള ടെലികോം സര്‍ക്കിളില്‍ 26.2% വിഹിതം കൈയ്യാളി രണ്ടാം സ്ഥാനക്കാരാണ് നിലവില്‍ ജിയോ.

വളര്‍ച്ചയുടെ ഒരു പതിറ്റാണ്ട്

2016 സെപ്റ്റംബറിലെ 5.8 ലക്ഷത്തില്‍ നിന്നും 2026 സെപ്റ്റംബറിലെത്തിയപ്പോള്‍ 111.9 ലക്ഷമായി വരിക്കാരുടെ എണ്ണം കൂടി. വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 35.5% എന്ന അസൂയാവഹമായ നേട്ടമാണ് ജിയോ സ്വന്തമാക്കിയത്. വിപണിയിലെ മറ്റേതൊരു എതിരാളിയേക്കാളും ബഹുദൂരം മുന്നിലാണ് ഈ വളര്‍ച്ചാ കണക്കുകള്‍.

2016-ല്‍ എട്ടിലധികം കമ്പനികള്‍ സജീവമായിരുന്ന കേരളത്തില്‍, ചെറുകിട ഓപ്പറേറ്റര്‍മാര്‍ പൂര്‍ണ്ണമായും പിന്മാറിയതോടെ വിപണി നാല് പ്രധാന കമ്പനികളിലേക്ക് ചുരുങ്ങി. 2017 നവംബറില്‍ത്തന്നെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ജിയോ എയര്‍ടെലിനെ മറികടന്നിരുന്നു. പ്രതിമാസ കണക്കുകളനുസരിച്ച് വോഡഫോണ്‍ ഐഡിയ മാത്രമാണ് കേരള സര്‍ക്കിളില്‍ ജിയോയ്ക്ക് മുന്നിലുള്ളത്.

എയര്‍ടെല്‍ 8.4% വളര്‍ച്ചയോടെ 97.9 ലക്ഷം ഉപഭോക്താക്കളിലെത്തിയപ്പോള്‍, വോഡഫോണ്‍-ഐഡിയക്ക് ലയനശേഷവും വലിയ തിരിച്ചടി നേരിട്ടു. ഉപയോക്താക്കളുടെ എണ്ണം 183.4 ലക്ഷത്തില്‍ നിന്ന് 127.9 ലക്ഷമായി ചുരുങ്ങി. ബി.എസ്.എന്‍.എല്‍ 89.8 ലക്ഷം ഉപഭോക്താക്കളുമായി വിപണിയില്‍ തുടരുന്നു.

മറ്റ് കമ്പനികളുടെ ഉപഭോക്താക്കളെ നേടിയെടുക്കുക മാത്രമല്ല ജിയോ ചെയ്തത്. പകരം, കേരളത്തിലെ ആകെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 356 ലക്ഷത്തില്‍ നിന്ന് 427.5 ലക്ഷമായി (20.1% വര്‍ദ്ധനവ്) ഉയര്‍ത്തി ടെലികോം മേഖലയെത്തന്നെ വികസിപ്പിക്കാന്‍ സാധിച്ചു എന്നതാണ് പ്രത്യേകത.

ഇന്ന് ഗ്രാമങ്ങളിലെന്നോ നഗരങ്ങളിലെന്നോ വ്യത്യാസമില്ലാതെ, സാധാരണക്കാരന്റെ കൈകളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിച്ചുകൊണ്ട് കേരളത്തെ ഡിജിറ്റല്‍ സാക്ഷരതയില്‍ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിഞ്ഞുവെന്നതാണ് ജിയോയുടെ പത്ത് വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്.