;

കുൽഗാമിൽ ഏറ്റുമുട്ടൽ; 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ലഷ്‌കർ ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ലഷ്‌കർ ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ വധിച്ചു. 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഖ്രേവൻ ചഡർ സ്വദേശിയായ മുഹമ്മദ് ലത്തീഫ് ഭട്ട് (22) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ കുൽഗാം ജില്ലയിലെ ദേവ്സർ മേഖലയിലെ ജംഗൽപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ജംഗൽപോറയിലെ ഒരു പള്ളിയിൽ ലത്തീഫ് ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. കീഴടങ്ങാൻ സുരക്ഷാസേന ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പകരം സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായിരുന്ന ലത്തീഫിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നവംബർ 11ന് കുൽഗാമിൽ സിആർപിഎഫ് ജവാന്മാർക്കുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ലത്തീഫാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

നവംബർ 16ന് കുൽഗാമിലെ ലർനൂ ബൈപാസിന് സമീപം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലത്തീഫിന്റെ സഹായി ഉമർ നിസാർ ഭട്ടും കൊല്ലപ്പെട്ടിരുന്നു.

ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ജംഗൽപോറ മേഖല വളഞ്ഞാണ് സുരക്ഷാസേന ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ പരിശോധന തുടരുകയാണ്.

;