;

അമേരിക്കയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; മണിക്കൂറുകൾ നീണ്ട വ്യോമഗതാഗത നിയന്ത്രണം പിൻവലിച്ചു

അമേരിക്കയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; മണിക്കൂറുകൾ നീണ്ട വ്യോമഗതാഗത നിയന്ത്രണം പിൻവലിച്ചു

വാഷിംഗ്ടൺ: മണിക്കൂറുകളോളം അമേരിക്കയിലെ വ്യോമഗതാഗതം സ്തംഭിപ്പിച്ച ആശയവിനിമയ തകരാർ പരിഹരിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ പുനരാരംഭിച്ചു. വിമാനങ്ങളുടെ പുറപ്പെടലിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു. ഇതോടെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചു. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലുണ്ടായ ആശയവിനിമയ തകരാറാണ് രാജ്യത്തെ വിമാന സർവീസുകളെ ബാധിച്ചത്. മണിക്കൂറുകളോളം വിമാനങ്ങളുടെ പുറപ്പെടൽ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു.

സാങ്കേതിക വിദഗ്ധർ തകരാർ പരിശോധിക്കുന്നതിനിടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി നിർത്തിവെച്ചതെന്ന് എഫ്എഎ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും എല്ലാ വിമാനങ്ങളുടെയും നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവന്ന രണ്ടാമത്തെ സംഭവമാണിത്. 2023 ജനുവരിയിലും സാങ്കേതിക തകരാറിനെത്തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം ആഭ്യന്തര വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു.

;