;

ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള നേതൃത്വം കൊച്ചിയിൽ; ചിൽഡ്രൻ മാറ്റർ ഫോറത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള നേതൃത്വം കൊച്ചിയിൽ; ചിൽഡ്രൻ മാറ്റർ ഫോറത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെയും യുവാക്കളുടെയും ഇടയിലെ ലഹരിപദാർത്ഥ ദുരുപയോഗം തടയുന്നതിനുള്ള ആഗോളതലത്തിലുള്ള ചർച്ചകൾക്ക് വേദിയായി കൊച്ചി. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC), ഫോർത്ത് വേവ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ചിൽഡ്രൻ മാറ്റർ ഫോറം 2026’ കൊച്ചി മാരിയറ്റ് ഹോട്ടലിൽ പുരോഗമിക്കുന്നു. നവംബർ 12 മുതൽ 14 വരെ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ 60 രാജ്യങ്ങളിൽ നിന്നായി 100 യുവാക്കൾ ഉൾപ്പെടെ 220 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ഡിജിറ്റൽ കാലഘട്ടത്തിൽ യുവാക്കൾക്കിടയിലെ ലഹരിപദാർത്ഥ ദുരുപയോഗം തടയുന്നതിനുള്ള മാർഗങ്ങൾ, പുതിയ പ്രവണതകൾ, സ്വാധീനങ്ങൾ, അനുഭവങ്ങൾ, സുരക്ഷിതമായ ഇടങ്ങൾ എന്നിവയാണ് ഫോറത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നയരൂപീകരണ രംഗത്തെ പ്രമുഖരും യുവജന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഫോറത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തു. മുതിർന്ന UNODC പ്രതിനിധി ബില്ലി ബട്ടുവാരെ, ഇൻഫോസിസിന്റെയും എസ്.ഡി. ഫൗണ്ടേഷന്റെയും സഹസ്ഥാപകൻ ഷിബുലാൽ, എസ്.ഡി. ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ കുമാരി ഷിബുലാൽ, എം.പി. ഹൈബി ഈഡൻ, തൊടുപുഴ എം.എൽ.എയും കേരള സർക്കാരിന്റെ ചീഫ് വിപ്പുമായ അപു ജോൺ, ഫോർത്ത് വേവ് ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർമാരായ സി.സി. ജോസഫ്, ഡയാന വിൻസെന്റ് തുടങ്ങിയവരും പങ്കെടുത്തു.

മുഖ്യപ്രഭാഷണത്തിൽ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കുട്ടികൾക്കിടയിലെ ലഹരിപദാർത്ഥ ദുരുപയോഗം തടയുന്നതിനും ലഹരിമുക്തമായ ബാല്യം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഫോറത്തിന്റെ അഞ്ചാമത് പതിപ്പിൽ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പ്രത്യേക പദ്ധതിയായ ‘പ്രോജക്ട് വേണ്ട’യുടെ നേട്ടങ്ങളും പ്രധാനമായും ചർച്ചയാകുന്നുണ്ട്. ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ 12 ലക്ഷം കുട്ടികളിലേക്ക് പദ്ധതിയുടെ ഭാഗമായി എത്താനായിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് UNODCയുടെ ബെസ്റ്റ് പ്രാക്ടീസസ് അവാർഡും ലഭിച്ചിട്ടുണ്ട്.

സ്കൂളുകൾ, പ്രാദേശിക സമൂഹങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ച് കുട്ടികൾക്ക് ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിൽനിന്ന് മുക്തമായ അന്തരീക്ഷം ഒരുക്കുകയാണ് ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഷിബുലാൽ ഫാമിലി ഫിലാന്ത്രോപിക് ഇനിഷ്യേറ്റീവ്സിന്റെ പിന്തുണയോടെയാണ് പ്രോജക്ട് വേണ്ടയുടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

ഫോറത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഫോർത്ത് വേവ് ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ഡയാന വിൻസെന്റ്, ഡയറക്ടർ സി.സി. ജോസഫ്, ഹാപ്പിയസ്റ്റ് മൈൻഡ്സിന്റെ സഹസ്ഥാപകനും മുൻ പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ രാജ ഷൺമുഖം, UNODC സൗത്ത് ഏഷ്യ റീജിയണൽ പ്രതിനിധി ക്രിസ്റ്റ്യൻ ഹോൾഗെ, എം.പി. ഹൈബി ഈഡൻ, കുമാരി ഷിബുലാൽ, ജപ്പാൻ ഡ്രഗ് അബ്യൂസ് പ്രിവൻഷൻ സെന്റർ പ്രസിഡന്റ് അകീറ ഫുജിനോ, ചിൽഡ്രൻ മാറ്റർ ഫോറം ഇന്റർനാഷണൽ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ എസ്‌ബിയോൺ ഹോൺബെർഗ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവും എൽ.വി.ബി.എൽ ആക്സിലറേറ്റർ സ്ഥാപകനുമായ അശ്വിൻ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

നവംബർ 13ന് മാധ്യമപ്രവർത്തനത്തിലെ ഉത്തരവാദിത്വബോധം എന്ന വിഷയത്തിൽ പ്രത്യേക പാനൽ ചർച്ചയും നടന്നു. 24 ന്യൂസ് സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ആർ. ഗോപീകൃഷ്ണൻ, ന്യൂസ് 18 സീനിയർ അസോസിയേറ്റ് എഡിറ്ററും കൊച്ചി റീജിയണൽ ബ്യൂറോ ചീഫുമായ ടോം കുര്യാക്കോസ്, മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ സാജൻ സി. കുമാർ, മുതിർന്ന മാധ്യമപ്രവർത്തക സുധ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനം വർധിക്കുന്ന കാലത്ത് കുട്ടികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനത്തിനുള്ള പ്രാധാന്യവും ചർച്ചയിൽ ഉയർന്നു. ആഗോളതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം കുട്ടികളുടെ അവകാശങ്ങളും സുരക്ഷിതമായ ബാല്യവും ഉറപ്പാക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ചിൽഡ്രൻ മാറ്റർ ഫോറം 2026 ലക്ഷ്യമിടുന്നത്.

;