വായന ജീവിതത്തിന്റെ ഭാഗമാകണം; കുട്ടികളുടെ യഥാർത്ഥ ഹീറോകൾ മാതാപിതാക്കളും അധ്യാപകരുമെന്ന് കവി
കൊച്ചി: മലയാള സാഹിത്യത്തിന് ലഭിച്ച ആറ് ജ്ഞാനപീഠ പുരസ്കാരങ്ങൾ കാണുമ്പോൾ സ്നേഹം കലർന്ന അസൂയ തോന്നുന്നുവെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ പെരറശു വൈരമുത്തു. 29-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സാഹിത്യത്തിന് ലഭിച്ച വലിയ അംഗീകാരങ്ങൾ അഭിമാനകരമാണ്. പ്രായത്തിൽ തമിഴിനേക്കാൾ ഇളയ ഭാഷയായ മലയാളത്തിന് സാഹിത്യരംഗത്ത് ഇത്രയധികം ജ്ഞാനപീഠ പുരസ്കാരങ്ങൾ ലഭിച്ചത് സന്തോഷം നൽകുന്നതോടൊപ്പം ചെറിയൊരു അസൂയയും ഉണ്ടാക്കുന്നു. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരാണ് മലയാളത്തിൽ ജ്ഞാനപീഠം നേടിയ പ്രതിഭകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനയെ സ്നേഹിക്കുന്ന സമൂഹമാണ് അറിവിലും നാഗരികതയിലും സംസ്കാരത്തിലും മുന്നേറുന്നത്. കുട്ടികളെ പുസ്തകവായനയിലേക്ക് നയിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്. സിനിമാതാരങ്ങളായ കമൽഹാസനും രജനികാന്തും മമ്മൂട്ടിയും മോഹൻലാലുമെല്ലാം സിനിമാലോകത്തെ ഹീറോകളാണ്. എന്നാൽ കുട്ടികളുടെ യഥാർത്ഥ ഹീറോകൾ മാതാപിതാക്കളും അധ്യാപകരുമാണെന്നും വൈരമുത്തു പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ അച്ചടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ഇൻഡോനേഷ്യ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഏകദേശം 140 കോടി ജനങ്ങളുള്ള ഇന്ത്യക്ക് പുസ്തകപ്രസിദ്ധീകരണത്തിൽ രണ്ടാം സ്ഥാനത്തേക്കെങ്കിലും ഉയരാൻ കഴിയണം. വായന ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതലമുറയ്ക്ക് ആത്മവിശ്വാസവും പോരാട്ടവീര്യവും പകരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം തന്റെ കവിതകളിലൂടെ വിശദീകരിച്ചു. “കത്തുന്നിടത്തോളം തീയാണ്, ചുറ്റുന്നിടത്തോളം ഭൂമിയാണ്, പോരാടുന്നിടത്തോളം മനുഷ്യനാണ്” എന്ന കവിതാവരികൾ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിലേക്ക് എത്താൻ ക്ഷമയും നിരന്തരമായ പരിശ്രമവും അനിവാര്യമാണ്. ഒരു വിത്ത് നട്ടയുടൻ പൂവാകില്ല. വളരാനും പൂക്കാനും സമയമെടുക്കും. കൽക്കരിയുടെ സഹനമാണ് വജ്രമായി മാറുന്നത്. അമ്മയുടെ പത്തുമാസത്തെ സഹനമാണ് കുഞ്ഞിന്റെ ജനനത്തിന് വഴിയൊരുക്കുന്നത്. ക്ഷമയുടെ മഹത്വം മനസ്സിലാക്കി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളവും തമിഴ്നാടും പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും മുന്നേറണം. ഒരു വിഭാഗത്തിന്റെ വിജയം മറ്റൊരു വിഭാഗത്തിന്റേതുകൂടിയാണ്. കലയിലൂടെയും സംസ്കാരത്തിലൂടെയും ഒന്നിച്ച് പരസ്പര വിജയങ്ങൾ ആഘോഷിച്ച് മുന്നേറണമെന്നും വൈരമുത്തു പറഞ്ഞു.