ലുലുഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കും എതിരായ അപകീർത്തി കേസുകളിൽ നിയമനടപടികൾ അവസാനിച്ചിട്ടില്ലെന്നും മാപ്പ് രേഖപ്പെടുത്തിയാലും കേസുമായി മുന്നോട്ട് പോകുമെന്നും പ്രതികരിച്ച് ലുലുഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ.
അപകീർത്തി കേസിൽ നിയമനടപടിയുമായി ലുലുഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും ലുലു മുന്നോട്ടില്ലെന്നും വി നന്ദകുമാർ പ്രതികരിക്കുന്നു. ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടിയുള്ള വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശരിയല്ല, ലൈക്കും, വ്യൂവിനും വേണ്ടി ഒരു വ്യക്തിയേയും ലുലു പോലൊരു പ്രസ്ഥാനത്തേയും വലിച്ചിഴച്ചതിൽ നിയമവഴിയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലുലു ഗ്രൂപ്പിനും മേധാവിയായ എം.എ യൂസഫലിക്ക് എതിരെയും നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും കമ്പനി സ്വീകരിക്കില്ല. ലോകം മുഴുവൻ പ്രവർത്തിക്കുന്ന ഒരു പബ്ലിക്ക് ലിസ്റ്റഡ് കമ്പനിയാണ് ലുലു. നിയമം നിയമത്തിന്റേതായ വഴിയിൽ തന്നെ പോകും, തിരുവനന്തപുരം, ലഖ്നൗ, ചെന്നൈ തുടങ്ങി കോടതികളിലായി ലുലു ഫയൽ ചെയ്തിട്ടുള്ള വിവിധ കേസുകൾ തുടരുകയാണ്. പരാതി പിൻവലിച്ചിട്ടുമില്ല, പിൻവലിക്കുകയുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.