തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ ഹരിയെ വെള്ളിയാഴ്ച കൊച്ചിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
നേരത്തെ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹരി പിന്നീട് എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്.
ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചിരുന്നത് ഹരിയായിരുന്നു. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.
പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ അടുത്ത വിശ്വസ്തനാണ് ഹരിയെന്നാണ് ആരോപണം. ചെയർമാനും ഹരിയും ചേർന്ന് കമ്മീഷനിൽ കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നുവെന്ന് ചില കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.