കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്. ഈ കാലയളവിൽ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. കേസിൽ ഇ.ഡിക്കും വിജിലൻസിനും കോടതി നോട്ടീസ് അയച്ചു.
തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയതെന്നും അതിനാൽ ഉത്തരവും തുടർന്നുള്ള അന്വേഷണ നടപടികളും നിലനിൽക്കില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.
ഇ.ഡി സംസ്ഥാന സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയാണ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ അപ്പീൽ നൽകിയത്.
നേരത്തെ അപ്പീൽ പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്ന് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജിക്കാരുടെ വാദം കൂടി കേട്ട് അപ്പീൽ വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. തുടർന്ന് ജസ്റ്റിസ് നടരാജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുകയായിരുന്നു.
നേരത്തെ കേസിലെ അന്വേഷണം പത്തുദിവസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ് കേസിലെ തുടർനടപടികളിൽ നിർണായകമാകും.