;

വിവാദമായതോടെ മാംസാഹാര വിലക്കിൽ തിരുത്ത്; നിയന്ത്രണം അടുക്കളയിൽ മാത്രം, ജീവനക്കാർക്ക് വിലക്കില്ല

വിവാദമായതോടെ മാംസാഹാര വിലക്കിൽ തിരുത്ത്; നിയന്ത്രണം അടുക്കളയിൽ മാത്രം, ജീവനക്കാർക്ക് വിലക്കില്ല

തിരുവനന്തപുരം: ലോക്ഭവനിലെ മത്സ്യ-മാംസാഹാര വിലക്കിൽ തിരുത്തുമായി ഗവർണറുടെ ഓഫീസ്. ലോക്ഭവനിൽ സസ്യാഹാരം മാത്രം വിളമ്പണമെന്ന നിർദേശം വിവാദമായതോടെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. അടുക്കളയിൽ മാത്രമാണ് നിയന്ത്രണമെന്നും ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരു നിയന്ത്രണവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ അധികാരമേൽക്കുന്നതിന് മുൻപുതന്നെ ലോക്ഭവനിൽ സസ്യാഹാരം മാത്രം വിളമ്പാൻ നിർദേശം നൽകിയിരുന്നു. ഗവർണർ ശുദ്ധ സസ്യാഹാരിയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം നിർദേശിച്ചതെന്നും ഗവർണറുടെ ഓഫീസ് വിശദീകരിച്ചു.

നിർദേശം പുറത്തുവന്നതോടെ കോൺഗ്രസും സിപിഎമ്മും വിമർശനവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് ആദ്യം വിമർശനം ഉന്നയിച്ചത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും രംഗത്തെത്തി.

വിവാദം ശക്തമായതോടെയാണ് ജീവനക്കാരുടെ ഭക്ഷണത്തിന് വിലക്കില്ലെന്ന് ലോക്ഭവൻ അധികൃതർ വ്യക്തമാക്കിയത്.

;