;

എസ്‌എഫ്‌ഐയെ വെല്ലുവിളിച്ച ഫേസ്ബുക്ക് പോസ്റ്റ്; എസ്‌എച്ച്‌ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ

എസ്‌എഫ്‌ഐയെ വെല്ലുവിളിച്ച ഫേസ്ബുക്ക് പോസ്റ്റ്; എസ്‌എച്ച്‌ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ്‌എഫ്‌ഐയെ വെല്ലുവിളിച്ച കന്റോൺമെന്റ് എസ്‌എച്ച്‌ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ. യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് സതീഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മിഷണർ അരുള്‍ ബി. കൃഷ്ണയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ദക്ഷിണമേഖല ഐജി നിശാന്തിനിക്ക് കൈമാറി.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് എസ്‌എച്ച്‌ഒ സാമൂഹിക മാധ്യമത്തിൽ മോശം പരാമർശങ്ങളടങ്ങിയ പോസ്റ്റ് പങ്കുവച്ചത്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തതെന്നാണ് വിവരം.

പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നാണ് സതീഷ് കുമാറിന്റെ വിശദീകരണം. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പോലീസ് നടപടിക്ക് പിന്നാലെ ഡിവൈഎഫ്‌ഐ–എസ്‌എഫ്‌ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, വൈകാരികമായ സാഹചര്യങ്ങൾ ഉണ്ടായാലും അതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കുന്നതല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ. സംഭവത്തിൽ തുടർനടപടികൾക്കുള്ള ശുപാർശയും റിപ്പോർട്ടിലുണ്ട്.

;