കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈലുമായി പോലീസ് തെളിവെടുപ്പ് നടത്തി. 19 വയസ്സുകാരനായ പ്രതിയെ കനത്ത സുരക്ഷയിലാണ് അപകടസ്ഥലത്തടക്കം എത്തിച്ചത്. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി ക്വിക്ക് റെസ്പോൺസ് ടീമിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
എറണാകുളം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിശദമായ തെളിവെടുപ്പ് നടത്തുന്നത്.
തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിയുടെ മുടി വെട്ടിയ നിലയിലായിരുന്നു. ബോർസ്റ്റൽ ഹോമിലെത്തിയ സുഹൈൽ അവിടെയുണ്ടായിരുന്ന ട്രിമ്മർ ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം. എന്നാൽ, മുടി മുറിച്ചത് ഹോമിലെ ഉദ്യോഗസ്ഥരല്ലെന്നാണ് അവരുടെ വിശദീകരണം.
ഇന്ന് വൈകിട്ട് അഞ്ചുവരെയാണ് പ്രതിയുടെ പോലീസ് കസ്റ്റഡി കാലാവധി. അതിനുമുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അഞ്ചുമണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കും.