ദുബൈ: വിമാനത്തിനുള്ളിലെ കോക്ക്പിറ്റ് സംഘർഷത്തെ തുടർന്ന് ഇസ്റാഈലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ. ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലുണ്ടായ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി.
സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന FZ1073 വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ കൈയാങ്കളി ഉണ്ടായതായി ഫ്ലൈദുബൈ സ്ഥിരീകരിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യുഎഇ വ്യോമയാന അതോറിറ്റിയും ഫ്ലൈദുബൈയും ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. കോക്ക്പിറ്റിലെ സംഘർഷത്തിൽ ചില ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റതായും ഇവരെ സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഫ്ലൈദുബൈക്ക് പിന്നാലെ എമിറേറ്റ്സും ടെൽ അവീവിലേക്കുള്ള കോഡ്ഷെയർ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്റാഈലിലേക്കും തിരിച്ചുമുള്ള സർവീസുകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.