തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളിൽ സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
അതേസമയം, ഇന്ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.