കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുന്നത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നെങ്കിലും ആന്റോ എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകാനുള്ള നടപടി. പൊതുചടങ്ങിൽ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് കേസ്.
അതേസമയം, കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ആന്റോ അഗസ്റ്റിന്റെ അഭിഭാഷകൻ അറിയിച്ചു. ആന്റോ നിലവിൽ സ്ഥലത്തില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
റിപ്പോർട്ടർ ചാനൽ ലേഖകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ആന്റോ അഗസ്റ്റിന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റ് രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ കൈവശം സൂക്ഷിച്ചെന്നും എഫ്ഐആറിൽ ആരോപണമുണ്ട്. കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് ഡിജിപിയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
കോടികളുടെ വിലവരുന്ന വിവാഹരേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചെന്നും ഇതുസംബന്ധിച്ച് ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ അന്വേഷണം നടത്തിയെന്നും ഒരു ചടങ്ങിനിടെ ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയിരുന്നു. രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജരേഖകൾ തയ്യാറാക്കിയവരെ കണ്ടെത്തണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജു പി. നായർ പരാതി നൽകിയത്.