ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയാകുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഉത്തർപ്രദേശിലെ പൊതുപരിപാടികൾ മാറ്റിവച്ചു. സെപ്റ്റംബർ 25ന് മീററ്റിൽ യുവാക്കളെയും ബൂത്ത് ലെവൽ ഓഫീസർമാരെയും പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ നടത്താനിരുന്ന പരിപാടിയുമാണ് മാറ്റിയത്. മീററ്റിലെ പരിപാടിയിൽ ELC 2.0, ECI-Net പ്രാദേശിക സമ്മേളനവും യുവാക്കളുമായുള്ള സംവാദവും ഉൾപ്പെട്ടിരുന്നു.
എന്നാൽ പരിപാടികൾ മാറ്റിയതിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 21ന് തന്നെ പരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആർ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര നടപടികളെക്കുറിച്ചും വിവാദം തുടരുന്നതിനിടെയാണ് പരിപാടികൾ മാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മീഷന്റെ വിവിധ തീരുമാനങ്ങളെയും ഉത്തരവുകളെയും സംബന്ധിച്ച് കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വോട്ടർമാരുടെ പേര് ചേർക്കൽ, നീക്കം ചെയ്യൽ, ഫോം 6ലെ മാറ്റങ്ങൾ, വോട്ടർ ഡാറ്റാബേസ് കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു എതിർപ്പുകൾ.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ച് എസ്ഐആർ ഉൾപ്പെടെയുള്ള കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങളെല്ലാം പൂർണ കമ്മീഷന്റെ ഏകകണ്ഠമായ തീരുമാനങ്ങളാണെന്ന് വ്യക്തമാക്കി. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച കാര്യങ്ങൾ നടപടിക്രമത്തിന്റെ കരട് ഘട്ടത്തിലെ അഭിപ്രായങ്ങളും നിർദേശങ്ങളുമാണെന്നും കമ്മീഷൻ വിശദീകരിച്ചു