മലയാള സിനിമയിലെ അഭിനയപ്രതിഭ തിലകൻ ഓർമയായിട്ട് ഇന്ന് 14 വർഷം. 2012 സെപ്റ്റംബർ 24നാണ് മലയാളത്തിന്റെ മഹാനടൻ വിടവാങ്ങിയത്. നാടകവേദിയിൽ നിന്ന് വെള്ളിത്തിരയിലെത്തി, അച്ഛനായും മുത്തച്ഛനായും പൊലീസ് ഉദ്യോഗസ്ഥനായും അധ്യാപകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം തിലകൻ പകർന്നാടിയ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. ‘പെരുന്തച്ചൻ’, ‘മൂന്നാംപക്കം’, ‘കിരീടം’, ‘സ്ഫടികം’, ‘യവനിക’, ‘കിലുക്കം’, ‘ഉസ്താദ് ഹോട്ടൽ’ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ അടയാളങ്ങളാണ്.
1935 ജൂലൈ 15ന് പത്തനംതിട്ടയിലെ അയിരൂരിൽ ജനിച്ച തിലകൻ നാടകവേദിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 1973ൽ സിനിമയിലെത്തിയ അദ്ദേഹം പിന്നീട് 200ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി