;

എം.എസ്. സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന; സിനിമാലോകത്ത് ചർച്ചയായി പ്രഖ്യാപനം

എം.എസ്. സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന; സിനിമാലോകത്ത് ചർച്ചയായി പ്രഖ്യാപനം

ന്ത്യൻ സംഗീതലോകത്തെ നിത്യവിസ്മയമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ, ഇത്രയും വലിയൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിക്കുന്നത് ആരെന്ന ചോദ്യം സിനിമാലോകത്തും ആരാധകർക്കിടയിലും ഏറെക്കാലമായി ചർച്ചയായിരുന്നു. കർണാടക സംഗീതത്തിന്റെ ഭക്തിസാന്ദ്രതയും എം.എസ്. സുബ്ബലക്ഷ്മിയുടെ അതുല്യമായ വ്യക്തിത്വവും വെള്ളിത്തിരയിൽ പകർന്നാടാൻ അനുയോജ്യയായ താരത്തെ കണ്ടെത്താനുള്ള നീണ്ട അന്വേഷണത്തിനൊടുവിലാണ് രശ്മിക മന്ദാനയെ നായികയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രശ്മിക എം.എസ്. സുബ്ബലക്ഷ്മിയുടെ വേഷത്തിലെത്തുന്നത്. പ്രഖ്യാപനം പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.

എം.എസ്. സുബ്ബലക്ഷ്മിയുടെ വേഷത്തിലേക്ക് തുടക്കം മുതൽ പരിഗണിക്കപ്പെട്ട പേരുകളിൽ സായ് പല്ലവിയുമുണ്ടായിരുന്നു. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ സ്വാഭാവികമായ അഭിനയത്തിലൂടെ ശ്രദ്ധേയമാക്കിയ സായ് പല്ലവിയാണ് ഈ വേഷത്തിന് ഏറ്റവും അനുയോജ്യയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. സായ് പല്ലവിയുടെ സ്വാഭാവിക അഭിനയശൈലി എം.എസ്. സുബ്ബലക്ഷ്മിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറെ സഹായിക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ.

ഇതിന് പിന്നാലെ കന്നഡ, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ രുക്മിണി വസന്തിന്റെ പേരും അണിയറപ്രവർത്തകർക്കിടയിൽ ചർച്ചയിലുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് രശ്മിക മന്ദാനയെയാണ് കേന്ദ്രകഥാപാത്രമായി അണിയറപ്രവർത്തകർ തെരഞ്ഞെടുത്തത്.

ഇതോടെ രശ്മികയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നായിരിക്കും എം.എസ്. സുബ്ബലക്ഷ്മിയുടേത് എന്നാണ് സിനിമാലോകത്തെ വിലയിരുത്തൽ. സംഗീതത്തിന്റെ ആഴവും ഇതിഹാസതുല്യമായ വ്യക്തിത്വവും ഒരേസമയം അവതരിപ്പിക്കേണ്ട കഥാപാത്രത്തെ രശ്മിക എങ്ങനെ വെള്ളിത്തിരയിൽ പകർന്നാടും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

;