മനില: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രമായ പലാവൻ പ്രവിശ്യയിൽ യാത്രാബോട്ടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 87 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
മനിലയിൽനിന്ന് പലാവനിലെ കൊറോൺ മുനിസിപ്പാലിറ്റിയിലേക്ക് പോകുകയായിരുന്ന ബോട്ടിനാണ് തീപിടിച്ചത്. കൊറോൺ തീരത്തുനിന്ന് ഏകദേശം 1.2 നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോഴായിരുന്നു അപകടം. തീപിടിത്തത്തെ തുടർന്ന് ബോട്ട് പൂർണമായും കത്തിനശിച്ചു.
117 യാത്രക്കാരും 17 ജീവനക്കാരുമടക്കം 134 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 42 പേരെ രക്ഷപ്പെടുത്തിയതായി ഫിലിപ്പീൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അഞ്ച് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി.
അപകടത്തെ തുടർന്ന് കാണാതായ 87 പേർക്കായി കോസ്റ്റ് ഗാർഡിന്റെയും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ബോട്ടിന് തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ടിലെ സുരക്ഷാ സംവിധാനങ്ങൾ, യാത്രക്കാരുടെ എണ്ണം, തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യം തുടങ്ങിയവയും പരിശോധിച്ചുവരികയാണ്.