മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലെത്തുമ്പോൾ മീര ജാസ്മിനാണ് നായിക.
സെപ്റ്റംബർ മൂന്നിന് രാത്രിയോടെയാണ് 115 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്. ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ച ഷൂട്ടിങ് പിന്നീട് ഏഴ് ഷെഡ്യൂളുകളിലായി വിവിധ ലൊക്കേഷനുകളിൽ പൂർത്തിയാക്കുകയായിരുന്നു.
തൊടുപുഴയ്ക്ക് പുറമേ കൊച്ചി, ശബരിമല, മുംബൈ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണ് ‘അതിമനോഹരം’.
ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.