കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതായി റിപ്പോർട്ട്. നേപ്പാളിൽ 788 പേരും ടിബറ്റ് മേഖലയിൽ 16 പേരുമാണ് മരിച്ചത്. മൂവായിരത്തിലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 500ലധികം പേർ ടിബറ്റ് മേഖലയിൽ നിന്നുള്ളവരാണ്. ദുരന്തത്തിന്റെ അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഴയും പ്രളയത്തെ തുടർന്ന് രൂപപ്പെട്ട ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. ത്രിശൂൽ ഉൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അതിനിടെ, വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകി. ഭോട്ടെ കോസി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപ ജില്ലകളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ടിബറ്റൻ മേഖലയിലെ ഗൈറോങ് തുറമുഖത്ത് 49 ഇന്ത്യക്കാരുൾപ്പെടെ 261 വിദേശികളെ കാണാതായതായി ചൈന അറിയിച്ചു. അതേസമയം, പ്രളയബാധിത മേഖലകളിൽ നിന്ന് 149 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ത്രിശൂലി നദി കരകവിഞ്ഞൊഴുകുന്നതിനാൽ ഉത്തർപ്രദേശിലെ കുശിനഗറും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി ഇന്ത്യയുടെ നാലാമത്തെ വിമാനം നേപ്പാളിലെത്തി. 11 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ അയച്ചത്.