കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം 25-ാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി.
സമരത്തിന്റെ ഭാഗമായി നടത്തിയ ശവസംസ്കാര സമരം അപരിഷ്കൃതമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. വി.സിയോട് ആർക്കും വിയോജിക്കാം. തങ്ങൾക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ ഇത്തരം നിന്ദ്യമായ രീതികൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങിയ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം നടത്തുന്നത്. ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, വൈസ് ചാൻസലർ സിസ തോമസിനെ സമരക്കാർ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ടാണ് വി.സിക്ക് സുരക്ഷയൊരുക്കിയത്.