ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ‘പ്രോജക്ട് മേഘാലയ’ കേസിൽ അന്വേഷണം ശക്തമാക്കി ചെന്നൈ പൊലീസ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്ത് സർക്കാർ താഴെയിറക്കാൻ ശ്രമിച്ചെന്നാണ് പരാതി.
അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഒരു മുതിർന്ന ദൃശ്യമാധ്യമ പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചില ഡിഎംകെ നേതാക്കൾക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സർക്കാരിനെ രാഷ്ട്രീയമായി ലക്ഷ്യമിട്ട് ഉയർത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണിതെന്ന് ഡിഎംകെ പ്രതികരിച്ചു.
ടിവികെയുടെ ഉത്തംഗരൈ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്യുന്നതിനായി യൂട്യൂബറായ തിരുനാവുക്കരശ് 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ വാഗ്ദാനം നിരസിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണി നേരിട്ടതായും എംഎൽഎ ആരോപിച്ചിട്ടുണ്ട്.