കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശം ആകെ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വിവരത്തെ തുടർന്ന്, പുതുതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ രേഖകളും വിശദാംശങ്ങളും സമർപ്പിക്കാൻ വനംവകുപ്പ് നിർദേശം നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) കാർത്തിക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ആനക്കൊമ്പുകൾ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന് മോഹൻലാൽ വനംവകുപ്പിനെ അറിയിച്ചു. കൂടാതെ, ആനക്കൊമ്പ് ഉപയോഗിച്ച് നിർമ്മിച്ച 13 ശിൽപങ്ങളും തന്റെ കൈവശമുണ്ടെന്നും അവയും സമ്മാനമായി ലഭിച്ചതാണെന്നുമാണ് വിശദീകരണം.
മുമ്പ് മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ജോഡി ആനക്കൊമ്പുകൾക്ക് സംസ്ഥാന സർക്കാർ 2015-ലും 2016-ലും ഉടമസ്ഥാവകാശം അനുവദിക്കുകയും വനംവകുപ്പ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സർട്ടിഫിക്കറ്റ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ ഹൈക്കോടതിയിൽ തുടരുന്നതിനിടെയാണ്, തന്റെ കൈവശം മൂന്ന് ജോഡി ആനക്കൊമ്പുകൾ കൂടി ഉണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയത്. ഇതോടെ താരത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ എണ്ണം ആകെ അഞ്ച് ജോഡിയായി.