തമിഴ്നാട്ടിൽ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

തമിഴ്നാട്ടിൽ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ ഗോവധത്തിന് സമ്പൂർണ വിലക്കേർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസും അയച്ചു.

ബക്രീദ് തലേന്നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ അറുക്കാൻ അനുവദിക്കരുതെന്ന് ഉറപ്പാക്കണമെന്നായിരുന്നു മെയ് 27-ന് മദ്രാസ് ഹൈക്കോടതി നൽകിയ നിർദേശം. എന്നാൽ, ഉത്തരവിന്റെ അവസാന ഭാഗം തിരുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി പ്രാഥമികമായി നിരീക്ഷിച്ചു.

1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജോലി ചെയ്യാനോ പ്രജനനത്തിനോ ഉപയോഗിക്കാൻ കഴിയാത്ത പത്ത് വയസിന് മുകളിലുള്ള പശുക്കളെ ബന്ധപ്പെട്ട അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറുക്കാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ടെന്നും സർക്കാർ വാദിച്ചു.കേസിൽ എതിർകക്ഷികളുടെ വിശദീകരണം ലഭിച്ചശേഷം തുടർവാദം സുപ്രീംകോടതി പരിഗണിക്കും.