കൊച്ചി: വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നിർത്തിവെച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിഴ ചുമത്തി. എറണാകുളം–മാഞ്ഞാലി–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിനാണ് നടപടി.
പെർമിറ്റ് നിബന്ധനകൾ ലംഘിച്ച് കൃത്യമായ സർവീസ് നടത്തിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 7,500 രൂപ പിഴ ഈടാക്കിയതായി എംവിഡി അറിയിച്ചു.
സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതിന് പിന്നാലെ, പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് ശ്രദ്ധ നേടിയ ബസാണ് ‘ലിറ്റിൽ ഫ്ലവർ’.
തുടർച്ചയായ സാമ്പത്തിക നഷ്ടം മൂലം ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നുവെന്ന് ബസ് ഉടമ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് സർവീസ് മുടങ്ങാൻ കാരണമായതെന്ന് വിശദീകരിച്ചെങ്കിലും പിഴ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് ഉടമയുടെ ആരോപണം.