കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിലെആഭ്യന്തര തർക്കങ്ങൾ പുതിയ നിയമയുദ്ധത്തിലേക്കും കൂട്ടരാജികളിലേക്കും വഴിമാറുന്നു. രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. സംഘടനയുടെ ബൈലോ ലംഘിച്ചാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
അതേസമയം, കോടതി ഉത്തരവിലൂടെ ശ്വേത മേനോൻ താൽക്കാലിക ആശ്വാസം നേടിയെങ്കിലും, ഭരണസമിതിയിലെ മൂന്ന് പ്രമുഖ അംഗങ്ങൾ ശ്വേതയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഔദ്യോഗികമായി രാജിവെച്ചത് സംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അഡ്ഹോക്ക് കമ്മിറ്റിക്ക് സ്ഥാനമില്ല; കോടതി വിലക്ക്
താര സംഘടന അമ്മയുടെ ബൈലോ പ്രകാരം നിലവിലുള്ള ഒരു കമ്മിറ്റി ഒഴിഞ്ഞാൽ, അടുത്ത പൊതുതിരഞ്ഞെടുപ്പ് നടന്ന് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത് വരെ മുൻ കമ്മിറ്റിക്ക് തന്നെയായിരിക്കും താൽക്കാലിക ചുമതലയെന്ന് ശ്വേത മേനോൻ കോടതിയിൽ വാദിച്ചു. സംഘടനയിൽ അഡ്ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനത്തിന് ബൈലോയിൽ നിയമസാധുതയില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളെന്ന രീതിയിൽ പ്രവർത്തിക്കുന്നതിനും അമ്മയുടെ പേരിൽ യോഗങ്ങൾ വിളിക്കുന്നതിനും, പ്രമേയങ്ങൾ പാസാക്കുന്നതിനും എതിർകക്ഷികളായ രമേഷ് പിഷാരടി, കെ.ബി. ഗണേഷ് കുമാർ എന്നിവരടങ്ങുന്ന സംഘത്തിന് കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. കേസ് ജൂലൈ 13-ന് കോടതി വീണ്ടും പരിഗണിക്കും.
“ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല” – ശ്വേത മേനോൻ
കോടതി ഉത്തരവിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ശക്തമായ പ്രതികരണവുമായി ശ്വേത മേനോൻ രംഗത്തെത്തി. “ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല, ‘അമ്മ’യെ അനാഥമാക്കിയിട്ടുമില്ല. ചില നിക്ഷിപ്ത താൽപ്പര്യക്കാർ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. നിരപരാധിത്വം തെളിയിക്കാതെ ഞാൻ ഇനി പടിയിറങ്ങില്ല. ബൈലോ പ്രകാരം അടുത്ത തിരഞ്ഞെടുപ്പ് വരെ ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കാണ് നിയമപരമായ അധികാരം.” ശ്വേത വ്യക്തമാക്കി.
ശ്വേതയ്ക്ക് തിരിച്ചടിയായി മുൻ ഭരണസമിതിയിൽ കൂട്ടരാജി
കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും സ്വന്തം പാളയത്തിൽ നിന്നേറ്റ തിരിച്ചടി ശ്വേത മേനോനെ പ്രതിരോധത്തിലാക്കുകയാണ്. ശ്വേതയുടെ നിലപാടുകളോട് വിയോജിച്ച് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മൂന്ന് പ്രമുഖ അംഗങ്ങൾ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചു.ജയൻ ചേർത്തല (വൈസ് പ്രസിഡന്റ്),
ജോയ് മാത്യു(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം),കൈലാഷ്(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), എന്നിവരാണ് രജി വച്ചത്.
സംഘടന ഇന്ന് പൊതുജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായിത്തീർന്നതിന് കാരണം താനടക്കമുള്ള പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. ശ്വേത മേനോനുമായി പൂർണ്ണമായി അകലം പാലിച്ചുകൊണ്ടാണ് ഇവർ തങ്ങളുടെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
അനിശ്ചിതത്വത്തിൽ താരസംഘടന
കഴിഞ്ഞ ഓഗസ്റ്റിൽ അധികാരമേറ്റ ശ്വേത മേനോൻ കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ടിലെ 67 ലക്ഷത്തിന്റെ വ്യക്തതക്കുറവിനെച്ചൊല്ലി ആരംഭിച്ച തർക്കങ്ങളാണ് ഇപ്പോൾ കോടതി മുറ്റത്ത് എത്തിനിൽക്കുന്നത്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം കോടതി ഉത്തരവോടെ സ്തംഭിച്ചെങ്കിലും, സ്വന്തം സമിതിയിലെ ഭാരവാഹികളുടെ കൂട്ടരാജിയും സാമ്പത്തിക ആരോപണങ്ങളും ശ്വേത മേനോൻ കമ്മിറ്റിക്കും വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും. സംഘടനയുടെ ഭാവി ഇനി ജൂലൈ 13-ലെ കോടതി വിധിക്ക് ശേഷമേ വ്യക്തമാകൂ.