കണ്ണൂരിൽ 50 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ബസുടമകൾ

കണ്ണൂരിൽ 50 സ്വകാര്യ ബസുകൾ സർവീസ് നിർത്തി; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ബസുടമകൾ

കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കണ്ണൂർ ജില്ലയിൽ 50 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സർവീസ് അവസാനിപ്പിച്ച ബസുകളുടെ ജി-ഫോം ആർ.ടി.ഒയ്ക്ക് സമർപ്പിച്ചതായും അസോസിയേഷൻ വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പിലായതിന് പിന്നാലെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ആരോപിച്ചു. ഇതോടെ നിരവധി ബസുടമകൾ കടക്കെണിയിലായെന്നും അദ്ദേഹം പറഞ്ഞു.

ഡീസൽ വിലയിലെ തുടർച്ചയായ വർധന, തൊഴിലാളികളുടെ വേതനച്ചെലവ്, യാത്രക്കാരുടെ കുറവ് എന്നിവയും സ്വകാര്യ ബസ് മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ഒരു ബസിന്റെ പ്രതിദിന ഇന്ധനച്ചെലവ് മാത്രം ഏകദേശം 8,000 രൂപയാണെന്നും 70 മുതൽ 80 ലിറ്റർ വരെ ഡീസൽ ഒരു ദിവസത്തെ സർവീസിന് ആവശ്യമായി വരുന്നുണ്ടെന്നും അവർ പറയുന്നു.

കൊവിഡ് കാലഘട്ടത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോൾ സ്വകാര്യ ബസ് മേഖല നേരിടുന്നതെന്ന് ബസ് ജീവനക്കാർ അഭിപ്രായപ്പെടുന്നു. സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ തൊഴിലാളികളുടെ വേതനം നൽകാൻ പോലും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി.വിഷയത്തിൽ പരിഹാരം തേടി ഈ മാസം 14-ന് ഗതാഗത മന്ത്രിയുമായി ബസുടമകൾ ചർച്ച നടത്തുമെന്നാണ് അസോസിയേഷൻ അറിയിച്ചത്.