പെരുമ്പാവൂർ: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ. ‘തൂഫാൻ ജാഗരൺ’ എന്ന പേരിൽ സംഘടിപ്പിച്ച ബഹുജനറാലിക്ക് ആഭ്യന്തരമന്ത്രി നേതൃത്വം നൽകി. സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറും റാലിയിൽ പങ്കെടുത്തു.
റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭായ് കോളനി സന്ദർശിച്ച് അതിഥി തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും.
റാലിയിൽ ബെന്നി ബഹന്നാൻ എം.പി., എൽദോസ് കുന്നപ്പള്ളി എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ലഹരി മാഫിയയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതിക്ക് ഇന്ന് ഒരു മാസം പൂർത്തിയായി. ഈ കാലയളവിൽ സംസ്ഥാനത്തുടനീളം 5,353 കേസുകൾ രജിസ്റ്റർ ചെയ്തതായും ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.